തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ.്ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക്. കെ.എസ്.ഇ.ബിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ച് ചെയര്‍മാന്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് കത്തയച്ചു. പെന്‍ഷന്‍ കൊടുക്കാന്‍ രൂപീകരിച്ച ട്രസ്റ്റിലേക്കുള്ള വിഹിതം അഞ്ച് വര്‍ഷമായി ബോര്‍ഡ് അടക്കുന്നില്ല.
ഇതുവരെ പെന്‍ഷന്‍ മുടങ്ങിയിട്ടില്ലെങ്കിലും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. 1877 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിലൂടെയാണ് കെ.എസ.്ഇ.ബി കടന്നുപോകുന്നത്. മാസ്റ്റര്‍ പെന്‍ഷന്‍ ആന്റ് ഗ്രാറ്റുവിറ്റി ട്രസ്റ്റിലേക്കുള്ള വിഹിതം പോലും അടക്കാനാകാത്തവിധം പ്രതിസന്ധി കനത്തുവെന്നാണ് കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റ എന്‍.എസ്.പിള്ള തൊഴിലാളി സംഘടനകള്‍ക്കയച്ച കത്തില്‍ പറയുന്നു. 2013 ഒക്ടോബറിലാണ് ട്രസ്റ്റ് ഉണ്ടാക്കിയത്. കെ.എസ.്ഇ.ബി. കമ്പനിയായി രൂപീകരിച്ചപ്പോഴുണ്ടാക്കിയ ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പെന്‍ഷന്‍ മാസ്റ്റര്‍ ഫണ്ട് രൂപീകരിച്ചത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ കെ.എസ.്ഇ.ബി.ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണമെന്നാണ് കരാറിലെ വ്യവസ്ഥ. പെന്‍ഷന്‍ ബോണ്ടുകളിറക്കി പലിശ ട്രസ്റ്റിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതും നടപ്പായിട്ടില്ല.
അന്നത്തെ കണക്കനുസരിച്ച് പെന്‍ഷന് വേണ്ടത് 12,500 കോടിരൂപ. ഇതില്‍ 8000 കോടി കെ.എസ്.ഇ.ബിയും 4500 കോടി സര്‍ക്കാറും നല്‍കണമെന്നായിരുന്നു കരാര്‍. ഒരു വര്‍ഷം മാത്രം പെന്‍ഷന് വേണ്ടത് ശരാശരി 1200 കോടി. നഷ്ടം നികത്താന്‍ നിരക്ക് കൂട്ടണമെന്ന കെ.എസ്.ഇ.ബി നിര്‍ദ്ദേശം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണെന്നാണ് ആരോപണം.
2013 ല്‍ ആകെ പെന്‍ഷന്‍ബാധ്യത 12,418 കോടി രൂപ ആയിരുന്നെങ്കില്‍ ഈ വര്‍ഷമത് 16,150 കോടി രൂപയായി. ഈ വര്‍ഷത്തെ മാത്രം പെന്‍ഷന്‍ ബാധ്യത 1208 കോടി രൂപയാണ്. ദൈനംദിന ചെലവുകളില്‍ നിന്നാണ് കെ.എസ.്ഇ.ബി.ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇങ്ങനെ ദൈനംദിന ചെലവുകളില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നതില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടുള്ളതാണ്. അതെ സമയം, കെ.എസ്.ഇ.ബി തൊഴിലാളികളുടെ പെന്‍ഷന്‍ പ്രതിസന്ധിയിലാണെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എം.എം മണി ഇടുക്കിയില്‍ പറഞ്ഞു.