കൊല്ലം: കൊട്ടാരക്കര ബസ് ഡിപ്പോയില്‍ നിന്ന് കാണാതെ പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി. കൊല്ലത്ത് തന്നെയുള്ള പാരിപ്പള്ളിയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്.

കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് ഇന്ന് രാവിലെ മോഷണം പോയത്. സര്‍വീസിനായി ബസ് എടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോഴാണ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി ട്രിപ്പ് കഴിഞ്ഞ ശേഷം സര്‍വീസിനായി ബസ് ഗ്യാരേജില്‍ കയറ്റിയിരുന്നു. സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ കൊട്ടാരക്കര ഡിപ്പോയ്ക്ക് സമീപമുള്ള മുന്‍സിപ്പല്‍ ഓഫീസിന് മുന്നിലാണ് ബസ് നിര്‍ത്തിയിട്ടിരുന്നത്. അധികൃതരുടെ പരാതിയില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയത്.

kl 15/ 7508 എന്ന നമ്പറിലുള്ള ബസാണ് റോഡരികില്‍ നിന്ന് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെയാണ് പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയത്.