തിരുവനന്തപുരം: ജീവനക്കാര്‍ നടത്തി വന്ന സമരം അവസാനിച്ചെന്നും 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പ്രയോഗത്തില്‍ വരുമെന്നും ഗതാഗതമന്ത്രി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിയും മുമ്പേ ഒത്തുതീര്‍പ്പ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന നിലപാടുമായി കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ സമരരംഗത്ത്.

ഗതാഗത മന്ത്രി തോമസ് ചാണ്ടി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം ഒത്തുതീര്‍പ്പായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യൂണിയനുകളും മാനേജ്‌മെന്റും ചേര്‍ന്നുണ്ടാക്കിയ കരാര്‍ അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും വ്യക്തമാക്കി ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാരാണ് രംഗത്തുള്ളത്.

സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിലെ അപാകത പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നല്കിയതിനെത്തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്തിരിയാന്‍ യൂണിയനുകള്‍ തയാറായിരുന്നു. എന്നാല്‍ ഈ ഒത്തു തീര്‍പ്പ് വ്യവ്‌സഥകള്‍ അംഗീകരിക്കാനാവില്ലെന്നാണ് സമരക്കാരുടെ വാദം.

സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കിയിട്ടില്ലെന്നും പകരം മൂ്ന്നു ഷിഫ്റ്റുകളിലായി 8 മണിക്കൂര്‍ ഡ്യൂട്ടി. രാത്രി ഒരു ഷിഫ്റ്റ് കൂടി അധികമായി അനുവദിച്ചു. തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി ഉണ്ടാവില്ലെന്നും മന്ത്രി തോമസ് ചാണ്ടി ഉറപ്പ് നല്‍കിയിരുന്നു. രാത്രി 7 മുതല്‍ രാവിലെ 12 മണിക്കൂറുള്ള ഒരു പ്രത്യേക ഷിഫ്റ്റും ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം സമരക്കാര്‍ അംഗീകരിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു. ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത് യോഗത്തില്‍ എല്ലാ യൂണിയനുകളും കെഎസ്ആര്‍ടിസി എംഡി രാജമാണിക്യവും ഗതാഗത സെക്രട്ടറി ജ്യോതിലാലും പങ്കെടുത്തിരുന്നു.