മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ രാജിയാവശ്യപ്പെട്ട് വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീല്‍. മലപ്പുറം വളാഞ്ചേരി കാവുംപുറം സ്വദേശി രഞ്ജിത്ത് – ഷിബില ദമ്പതികളുടെ കുഞ്ഞിന്റെ ചോറൂണാണ് മന്ത്രിയുടെ വീട്ടില്‍ നടന്നത്. കുഞ്ഞിന് ആദം ഗുവേര എന്ന് മന്ത്രി പേരിട്ടു. കുട്ടിക്ക് ആദം ഗുവേരയെന്ന പേര് തെരഞ്ഞെടുത്തത് മന്ത്രി കെ.ടി ജലീലാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സജീവ സിപിഎം പ്രവര്‍ത്തകനാണ് രഞ്ജിത്ത്.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് വഴി വന്ന പാര്‍സല്‍ എന്തായിരുന്നു എന്നാണ് ഇഡി പ്രധാനമായും ചോദിച്ചത്. 40 പെട്ടികളാണ് ജലീലിന് കോണ്‍സുലേറ്റ് വഴി വന്നത്. അത് മതഗ്രന്ഥങ്ങളായിരുന്നു എന്നാണ് ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങള്‍ അയക്കാറില്ലെന്ന് യുഎഇ സ്ഥിരീകരിച്ചതോടെ മന്ത്രി വെട്ടിലായി. യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി നടത്തിയ ഇടപാടുകള്‍ ചട്ടലംഘനമാണ്. ഇതിനെ തുടര്‍ന്നാണ് ഇഡി മന്ത്രിയെ ചോദ്യം ചെയ്തത്.

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ നേരത്തെ ഇഡി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് ജലീലിനെ ചോദ്യം ചെയ്തിരിക്കുന്നത്. ജലീലിന്റെ രാജിയാവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. അല്‍പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.