തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ അടുപ്പക്കാരനെ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് ആക്ഷേപം. ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലടക്കം നിലവില്‍ ഡെപ്യൂട്ടഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചുള്ള നീക്കമാണ് വിവാദമാകുന്നത്.

ഡയറക്ടര്‍, പ്രോജക്ട് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ ഫെബ്രുവരി 11നാണ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. തസ്തികകള്‍ സ്ഥിരപ്പെടുത്തി, നേരിട്ടുള്ള നിയമനത്തിന് സ്‌പെഷല്‍ റൂള്‍ പുറപ്പെടുവിച്ചാണ് വിജ്ഞാപനം. പക്ഷെ അവസാന ഭാഗത്ത് ഇതേ തസ്തികകളില്‍, നിലവില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താമെന്നും പരാമര്‍ശിക്കുന്നു. ഇതോടെ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിലവില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും, ഡെപ്യൂട്ടേഷനില്‍ എത്തിയവരുമായവരെ സ്ഥിരപ്പെടുത്താനാകും. ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഏതെങ്കിലും കേന്ദ്രസംസ്ഥാന പദ്ധതികളില്‍ 5 വര്‍ഷത്തെ പരിചയവും യോഗ്യതയായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നത് മന്ത്രിയുടെ അടുപ്പക്കാരനായ കൊല്ലം സ്വദേശി അന്‍സറാണ്.

2018ലാണ് സ്‌കൂള്‍ അധ്യാപകനായിരിക്കെ ഡെപ്യൂട്ടേഷനിലെത്തിയ ഇയാള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത്. ഇപ്പോള്‍ സ്‌പെഷ്യല്‍ റൂള്‍ വഴി സ്ഥിരപ്പെടുത്താനാണ് നീക്കമെന്നാണ് ആക്ഷേപം.