മലപ്പുറം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ വീണ്ടും വിവാദത്തില്‍. ജലീലിന്റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമിച്ചതില്‍ ചട്ടലംഘനമുണ്ടെന്നാണ് പുതിയ വിവാദം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂരാണ് ജലീലിനെതിരെ രംഗത്തുവന്നത്. ഇതേ സീനിയോറിറ്റിയുള്ള വി.കെ പ്രീത എന്ന അധ്യാപികയും സ്‌കൂളിലുണ്ട്. ഒരേ സീനിയോരിറ്റിയുള്ള രണ്ടു പേര്‍ വന്നാല്‍ നിയമനത്തിനു ജനനതീയതി മാനദണ്ഡമാക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് പ്രീതക്കാണ് യോഗ്യത. 2016 മെയ് ഒന്നിനാണ് ഫാത്തിമക്കുട്ടിയെ സ്‌കൂളിലെ പ്രിന്‍സിപ്പലായി നിയമിച്ചത്.

ഈ നിയമനത്തിന് 2016 ജൂലൈ 26ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിനെതിരെ പ്രീത നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും സിദ്ധീഖ് പന്താവൂര്‍ ആരോപിച്ചു.