തിരുവനന്തപുരം: ഡിവൈഎസ്പിയുമായി വാക്കുതര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സാക്ഷിക്ക് വധഭീഷണി. നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊലപാതക കേസിലെ സാക്ഷിയും കൊടങ്ങാവിളയിലെ ഹോട്ടല്‍ ഉടമയുമായ മാഹിനാണ് വധഭീഷണിയുണ്ടായത്.

ഹോട്ടിലിലെത്തി ചിലര്‍ ഭീഷണിപ്പെടു്ത്തുകയായിരുന്നുവെന്നും കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണെന്നും മാഹിന്‍ പറയുന്നു. തനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമുണ്ടെന്നും മാനസികമായി വലിയ പ്രശ്‌നത്തിലാണെന്നും മാഹിന്‍ പറഞ്ഞു. താന്‍ കണ്ട കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അത് സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാഹിന്‍ പറയുന്നു. ഡിവൈഎസ്പി അനുകൂലമായി മൊഴി മാറ്റണമെന്നാവശ്യപ്പെട്ടാണ് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും മാഹിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് സനലിനെ കാറിനു മുന്നിലേക്ക് ഡിവൈഎസ്പി പിടിച്ചു തള്ളുകയായിരുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആസ്പത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇപ്പോള്‍ ഡിവൈഎസ്പി ഒളിവിലാണ്. സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.