തിരുവനന്തപുരം: മഹാബലി അഹങ്കാരിയാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലൂടെയാണ് കുമ്മനത്തിന്റെ പരാമര്‍ശം. ജനങ്ങള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.

കുമ്മനത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാമര്‍ശം വൈറലായതോടെ സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ട്.

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളത്തിന്‍റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗം മുൻപെങ്ങുമില്ലാത്ത വിധം തകർച്ചയെ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത്.

ഭീതിജനകമായ ഒരു സാമൂഹ്യ അന്തരീക്ഷത്തിലൂടെയാണ് നമ്മുടെ കേരളം ഇന്ന് സഞ്ചരിക്കുന്നത്. ഓണം മുന്നോട്ട് വെക്കുന്ന സന്ദേശത്തിന് വിപരീതദിശയിലേക്കാണ് ഈ യാത്ര.

മതതീവ്രവാദവും രാഷ്ട്രീയ അസഹിഷ്ണുതയും കേരളത്തിൽ കൊടികുത്തി വാഴുന്നു.

എല്ലാവരേയും ഒന്നായി കാണേണ്ട ഭരണാധികാരികളാകട്ടെ ആസുരിക ഭാവത്തിന് വഴിപ്പെട്ട് ഉന്മൂലന രാഷ്ട്രീയം പ്രയോഗിക്കുന്നു. മതത്തിനൊപ്പം രാഷ്ട്രീയവും വിവേചനത്തിനുള്ള ഉപാധിയായി പ്രയോഗിക്കപ്പെടുന്നു.

അഹങ്കാരവും താൻപോരിമയും ഭരണാധികാരികളുടെ മുഖമുദ്രയായി മാറി. ഞാൻ മാത്രമാണ് ശരിയെന്ന ചിന്തയിൽ എല്ലാവരേയും ശരിപ്പെടുത്താനുള്ള ശ്രമങ്ങൾ അണിയറ വിട്ട് അരങ്ങത്തേക്ക് പ്രവേശിച്ചിരിക്കുന്നു.

അന്നവും മണ്ണും വെള്ളവും സാധാരണക്കാരന് അന്യമാക്കി അത് മാഫിയകൾക്ക് തീറെഴുതുന്നതിൽ ഭരണാധികാരികൾ മത്സരിക്കുകയാണ്.

വിദ്യാഭ്യാസം അവകാശമായ ഒരു നാട്ടിൽ പക്ഷേ സാധാരണക്കാരന്‍റെ മക്കൾ കിടപ്പാടം പണയപ്പെടുത്തി പ്രവേശനം തരപ്പെടുത്തേണ്ട ഗതികേടിലാണ്.

ഒരു തരി മണ്ണുപോലുമില്ലാതെ ആയിരക്കണക്കിന് ആൾക്കാർ തെരുവിലലയുമ്പോൾ ഭൂമാഫിയകൾ ലക്ഷക്കണക്കിന് ഏക്കർ സ്ഥലം കയ്യടക്കി വെച്ച് നിയമത്തെ വെല്ലുവിളിക്കുന്നു. മികച്ചതെന്ന് മേനി നടിക്കുന്ന ഒരു നാട്ടിലാണ് ഇതൊക്കെ സംഭവിക്കുന്നത്.

അവിടെയാണ് മാവേലി നാടിന്റെ പ്രസക്തി. എല്ലാവരെയും ഒരു പോലെ കണ്ട് നീതി നടപ്പാക്കിയ മഹാബലിയെ എക്കാലത്തെയും ഭരണാധികാരികൾ മാതൃക ആക്കേണ്ടതാണ്.

പ്രജാക്ഷേമ തത്പരനായ അദ്ദേഹം വാമനാവതാരത്തിന് മുന്നിൽ സ്വയം അർപ്പിച്ച് സായൂജ്യം നേടി.

വാമനന്‍റെ ഇടപെടലോടെ അഹങ്കാരം ശമിച്ച ബലി ദേവേന്ദ്രന് സമനായി അനശ്വരനാവുകയായിരുന്നു.

സാമൂഹ്യ നീതിയും സമത്വവും തുല്യാവസരങ്ങളും നിഷേധിക്കപ്പെടുകയും മുതലാളിത്തത്തിന്‍റെ ദുഷ്പ്രവണതകൾ മേൽക്കൈ നേടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ സ്വയം സമർപ്പിതമായ മഹാബലിയുടെ ത്യാഗോജ്ജലമായ ഭരണനാളുകൾ നമ്മുടെ ഭരണാധികാരികൾക്ക് പ്രചോദനവും പ്രേരണയുമാകട്ടെ.

അന്നം, വെള്ളം, മണ്ണ്, തൊഴിൽ, കിടപ്പാടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി പോരാടുന്ന ജനതയ്ക്ക് വീണ്ടും മുന്നേറാനുള്ള വീറും ശക്തിയും തിരുവോണം പ്രദാനം ചെയ്യട്ടെ.

എല്ലാ മലയാളികൾക്കും ഐശ്വര്യപൂർണ്ണമായ തിരുവോണാശംസകൾ