മലപ്പുറം: ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്‍ ബാറിന്റെ പേരില്‍ തന്നെ താഴെയിറങ്ങേണ്ടിവരുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇടതുസര്‍ക്കാറിന്റെ മദ്യനയത്തിനുള്ള അദ്യപ്രതികരണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകള്‍ തോറും ബാറുകള്‍ തുടങ്ങാനുള്ള സര്‍ക്കാറിന്റെ നീക്കം കേരളത്തില്‍ വിലപ്പോവില്ല. വളരെ ശക്തമായ തിരിച്ചടി ഇടതുസര്‍ക്കാര്‍ നേരിടേണ്ടിവരും. മദ്യഷാപ്പുകളുടെ കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന വിവേചനാധികാരം ഇടതു സര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് ഭരണ സമിതികള്‍ ഇതിനോട് ഒരു വിധത്തിലുംസഹകരിക്കാന്‍ പോകുന്നില്ല. നാട്ടില്‍ ഒരു ബാറ് വരുമ്പോള്‍ അത് വേണോ വേണ്ടയോ എന്ന് പറയാന്‍ ഓരോ പഞ്ചായത്തിലേയും മുനിസിപ്പാലിറ്റിയിലേയും ജനങ്ങള്‍ക്ക് അധികാരമുണ്ട്. ജനങ്ങള്‍ക്കൊപ്പം നിന്ന് ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ ഭരണസമിതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നാടുതോറും ബാറുകള്‍ തുറക്കുന്ന ഇടതുപക്ഷത്തെ മുസ്‌ലിംലീഗ് അതിശക്തമായി എതിര്‍ക്കും. സര്‍ക്കാറിന്റെ ഈ മദ്യനയത്തിനെതിരെ മത സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ഒന്നിച്ച് നടത്തുന്ന സമരങ്ങള്‍ക്ക് മുസ്‌ലിംലീഗ് പൂര്‍ണപിന്തുണ നല്‍കുമെന്നും സ്വന്തം നിലക്ക് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ വിഷയം നിയമസഭയില്‍ മുസ്‌ലിംലീഗ് ഉയര്‍ത്തിക്കൊണ്ടുവരും. മതസംഘടനകളും മദ്യനിരോധന സമിതികളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ നിരന്തരമായ സമരങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മദ്യവര്‍ജനത്തിനായി മദ്യനയം നടപ്പാക്കിയത്. ഈ നയം ഏറെ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവരെന്ന് പറയുന്ന ഇടതുപക്ഷം ബാറിന്റെ പേരില്‍ തന്നെ ഇറങ്ങിപ്പോകേണ്ടിവരും. ഇത്രമാത്രം ബാറുകള്‍ തുടങ്ങേണ്ട ആവശ്യകത എന്താണ് ഇടതുപക്ഷത്തിനെന്ന് മനസ്സിലാകുന്നില്ല. മദ്യത്തിന് അടിമപ്പെടാതിരിക്കാന്‍ യുവാക്കളുടെ രക്ഷക്കായി മതസാസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രംഗത്ത് വന്നേ മതിയാകൂ എന്ന അവസ്ഥയാണിന്നുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.ഉബൈദുല്ല എം.എല്‍.എ എന്നിവരും സന്നിഹിതരായിരുന്നു.