മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം കളക്ടര്‍ അമിത് മീണക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്,ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് തുടങ്ങിയവര്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം എത്തിയിരുന്നു.

kunjalikutty222

രാവിലെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി നേതാക്കള്‍ക്കൊപ്പം കളക്ട്രേറ്റിലേക്ക് പോയത്. ഡി.സി.സി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകരോടൊപ്പം ജാഥായായി കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കുകയായിരുന്നു. ഉച്ചക്ക് മൂന്ന് മണിക്ക് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ചേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനോടുകൂടി ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിക്കും.

ഈ മാസം15-നാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എം.പിയായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍12-നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി.ഫൈസല്‍ നാളെയാണ് പത്രിക സമര്‍പ്പിക്കുന്നത്.