കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളെ അറസ്റ്റുചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. ഈ മാസം 27 മുതല്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഓഫിസിന് മുന്നില്‍ ജിഷ്ണുവിന്റെ അച്ഛനും അമ്മയും നിരാഹാരം ആരംഭിക്കും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രതികളെ ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിലെ പ്രധാന പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു. പിന്നീട് ജിഷ്ണുവിന്റെ മരണത്തില്‍ കൂടുതല്‍ തെളിവുകളും പുറത്തുവന്നു. ജിഷ്ണുവിന് മര്‍ദ്ദനമേറ്റ ഹോസ്റ്റല്‍ മുറിയില്‍ നിന്നും പി.ആര്‍.ഒയുടെ മുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ജിഷ്്ണുവിന്റേത് തന്നെയാണെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രക്തക്കറയുടെ കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കേസില്‍ ഒളിവില്‍ പോയ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരെ കണ്ടെത്തുന്നതിന് അന്വേഷണ സംഘത്തിന് ഇതുവരേയും കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രിയെക്കൂടാതെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവരടക്കമുളളവരുമായി ജിഷ്ണുവിന്റെ കുടുംബം നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്ത സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്യാന്‍ തീരുമാനിക്കുന്നത്.