കൊച്ചി: തന്റെ മകളെ കൊന്നവന് വധ ശിക്ഷ നല്‍കിയ നീതി പീഠം ദൈവത്തിനു തുല്യമാണെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകള്‍ക്കും സൗമ്യക്കും വന്ന വിധി ഇനി ഒരു പെണ്‍കുട്ടിക്കും തനിക്കു വന്നതുപോലുളള അവസ്ഥ ഒരു അമ്മക്കും ഉണ്ടാകാന്‍ പാടില്ലെന്നും രാജേശ്വരി കോടതി വിധിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ മകളെ ക്രൂരമായാണ് പ്രതി അമീര്‍ കുത്തികൊലപ്പെടുത്തിയത്. ആ പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ച ജഡ്ജി ദൈവമാണ്. തന്റെ മകള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി കൂടെ നിന്ന ലോകത്തോടും താന്‍ നന്ദി പറയുകയാണ്. താന്‍ ആഗ്രഹിച്ച വിധി തന്നെ പ്രതിക്കു ലഭിച്ചുവെന്നും അവര്‍ പറഞ്ഞു. തന്റെ സഹോദരിയെ കൊന്ന പ്രതിക്ക് അര്‍ഹമായ ശിക്ഷ തന്നെയാണ് കോടതി നല്‍കിയിരിക്കുന്നതെന്ന് കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. വളരെ വിഷമത്തോടെയായിരുന്നു വിധികേള്‍ക്കാന്‍ താന്‍ കോടതിയുടെ പടി കയറിയത്. വധശിക്ഷ വിധിക്കണമെന്നു തന്നെയായിരുന്നു ആഗ്രഹം. അത് തന്നെ കോടതി വിധിച്ചതില്‍ വളരെ സന്തോഷം. നഷ്ടപ്പെട്ട തന്റെ അനിയത്തിയെ തനിക്ക് തിരിച്ചു കിട്ടില്ലെന്ന് അറിയാം. എന്നാലും അവളെ ഇല്ലാതാക്കിയ പ്രതിക്ക് തൂക്കുകയര്‍ ലഭിച്ചത് തങ്ങള്‍ക്ക് ആശ്വാസകരമാണ്. ഇനി വിധി നടപ്പിലായി കിട്ടിയാലെ തങ്ങള്‍ക്ക് സമാധാനമാകുകയുള്ളുവെന്നും ദീപ പറഞ്ഞു.