കൊച്ചി: ജിഷ വധക്കേസില്‍ തനിക്ക് വധശിക്ഷ വിധിച്ച കോടതി വിധി പ്രതി അമീര്‍ കേട്ടത് ശാന്തനായി. വിധിക്ക് മുമ്പുണ്ടായ അതേ ഭാവമായിരുന്നു അമീറിന്റെ മുഖത്ത് വിധി കേട്ട ശേഷവും. ശിക്ഷാ വിധി ദിനമായിരുന്ന ഇന്നലെയും പതിവു പോലെ രാവിലെ ആറിനു തന്നെയാണ് കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ അമീര്‍ എഴുന്നേറ്റത്. ജയിലിലെ ദിനചര്യകള്‍ എല്ലാം കൃത്യമായി നിറവേറ്റി. ഒമ്പത് മണിയോടെ കോടതിയിലേക്ക് കൊണ്ടു പോകാനായി പൊലീസ് സംഘം ജയിലിലെത്തി. കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ദിവസം മുതല്‍ ധരിക്കാറുള്ള പതിവ് ഗ്രേ കളര്‍ ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. കാലില്‍ ചെരിപ്പുണ്ടായിരുന്നില്ല. പത്തു മണിക്ക് മുമ്പ് തന്നെ അമീറുമായി പൊലീസ് വാഹനം രാജേന്ദ്ര മൈതാനത്തിനടുത്തുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തി. മാധ്യമ പ്രവര്‍ത്തകര്‍ ചിത്രമെടുക്കാന്‍ തിരക്ക് കൂട്ടുമ്പോഴും അമീര്‍ ഭാവ വ്യത്യാസമില്ലാതെ നിന്നു.
കൂടി നിന്ന നാട്ടുകാരില്‍ ചിലര്‍ അസഭ്യം പറഞ്ഞെങ്കിലും മിണ്ടാതെ നിന്നു. ഇതിനിടെ മലയാളത്തില്‍ താനല്ല കുറ്റക്കാരനെന്ന് അമീര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്കകത്തേക്ക് പ്രവേശിക്കുമ്പോഴും ഇയാള്‍ ശാന്തനായിരുന്നു. 11 മണിയോടെ വിധി പറയാനായി കോടതി ചേര്‍ന്നു. ജഡ്ജിയുടെ ഇടത് ഭാഗത്തായി പൊലീസിന്റെ ഒപ്പമാണ് അമീര്‍ വിധി കേള്‍ക്കാന്‍ നിന്നത്. പതിനഞ്ച് മിനിറ്റോളം നീണ്ട നടപടികള്‍ക്കിടെ പ്രധാന വിധിന്യായങ്ങള്‍ മാത്രമാണ് ജഡ്ജി വായിച്ചത്. പിന്നീട് അഭിഭാഷകയുടെ സഹായത്തോടെ വിധി അമീറിന് പരിഭാഷപ്പെടുത്തി. കോടതി മുറിയില്‍ നിന്നും സമീപത്തെ കാബിനിലേക്ക് മാറ്റിയ പ്രതിയെ പിന്നീട് 1.40 ഓടെയാണ് പുറത്തേക്ക് കൊണ്ടു വന്നത്. പൊലീസ് വലയത്തില്‍ കോടതി പരിസരത്തെ പൊലീസ് ജീപ്പിലേക്ക്, വിയ്യൂര്‍ ജയിലിലേക്കായിരുന്നു പിന്നീടുള്ള യാത്ര.