കൊച്ചി: കുറ്റിപ്പുറം ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവാവിനൊപ്പം ജീവിക്കാന്‍ തയാറാണെന്ന് പ്രതിയായ യുവതി കോടതിയെ അറിയിച്ചു. യുവതി നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരായ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യപ്പെടുന്നതായി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

സെപ്തംബര്‍ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജില്‍ പുറത്തൂര്‍ സ്വദേശിയായ യുവാവിനു മുറിവേറ്റത്. യുവാവിനൊപ്പമുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
യുവാവ് തന്റെ ഭര്‍ത്താവാണെന്നും അദ്ദേഹത്തെ വീട്ടുകാര്‍ തടങ്കലിലാക്കിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു യുവതി കോടതിയെ സമീപിച്ചത്.

ജനനേന്ദ്രിയത്തിലെ മുറിവ് അബദ്ധത്തില്‍ പറ്റിയതാണെന്നും യുവതി മുറിച്ചതല്ലെന്ന് യുവാവും കോടതിയെ അറിയിച്ചിരുന്നു.

യുവതിക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും യുവാവ് കോടതിയെ അറിയിച്ചു.
ഏപ്രില്‍ 12ന് പാലക്കാട്ടു വെച്ച് വിവാഹം നടന്നുവെന്നാണ് ഇരുവരും കോടതിയില്‍ പറഞ്ഞത്. വിവാഹത്തിനു ശേഷം യുവാവ് കുവൈത്തിലേക്ക് പോയി.

നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ യുവാവും യുവതിയും കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തു. വീട്ടുകാരുടെ എതിര്‍പ്പ് മാറിയിട്ടില്ലെന്നും ഒന്നിച്ചു ജീവിക്കാനാവില്ലെന്നും യുവാവ് അറിയിച്ചതോടെ, യുവതി ആത്മഹത്യ ചെയ്യാനായി ബ്ലെയിഡെടുത്ത് കൈമുറിക്കാനൊരുങ്ങി. അത് തടഞ്ഞപ്പോഴാണ് തനിക്ക് മുറിവേറ്റതെന്നാണ് യുവാവ് കോടതിയെ അറിയിച്ചത്.