അഷ്‌റഫ് ആളത്ത്

ദമ്മാം; സത്യവിശ്വാസികള്‍ ആത്മീയ ഗുരുക്കന്മാരായി കണക്കാക്കുന്ന പ്രവാചകന്മാരെ അവമതിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് കുവൈത്ത്്. പ്രവാചകന്മാരെ നിന്ദിക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി കുവൈറ്റിലെ സൊസൈറ്റി സംഘങ്ങള്‍ ഐക്യരാഷ്ട്ര സഭയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മുപ്പത്തി ഏഴ് സൊസൈറ്റി സംഘങ്ങളാണ് ഐക്യരാഷ്ട്ര സഭയോടും ഹ്യൂമന്‍ റൈറ്റ് കൗണ്‍സിലിനോടും നടപടികള്‍ ആവശ്യപെട്ടത്.

പ്രവാചകനിന്ദാപരമായി ഫ്രാന്‍സില്‍ കാര്‍ട്ടൂണുകള്‍ വിതരണം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് സൊസൈറ്റികളുടെ ഇടപെടല്‍.
പ്രവാചകന്‍ മുഹമ്മദ് നബിയെ അപികീര്‍ത്തിപ്പെടുത്തുന്ന കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ചത് ഇസ്‌ലാം മതവിശ്വാസികളുടെ അവകാശം ഹനിക്കുന്ന ഗൗരവതരമായ നിയമ ലംഘന മാണെന്ന് ഈ സംഘടനകള്‍ വ്യക്തമാക്കി. ആദരണീയ വ്യക്തിത്വങ്ങളെ അവഹേളിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് 2018 ഒക്ടോബറില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചിട്ടുണ്ട്.

അതേസമയം മുഹമ്മദ് നബി അടക്കമുള്ള പ്രവാചകന്മാര്‍ക്കെതിരായ അവഹേളനത്തെ 180 കോടിവരുന്ന മുസ്ലിംകളുടെ പേരില്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ഹറം ഇമാമും ഹറം കാര്യ വകുപ്പ് മേധാവിയുമായ ഡോ.അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.തീവ്രവാദം,ഭീകരത,പരിഹാസം,പ്രവാചകന്മാര്‍ക്കിടയില്‍ വ്യത്യാസം കാണിക്കല്‍ എന്നിവ ഇസ്‌ലാമികമല്ല.

വിശുദ്ധ കേന്ദ്രങ്ങളെയും മത ചിഹ്നങ്ങളേയും പരിഹസിക്കുന്നതും അപഹാസ്യമാക്കുന്നതും അഭിപ്രായ സ്വാതന്ത്രവുമല്ല.
വികാരങ്ങള്‍ നിയന്ത്രിക്കുകയും സാഹസികതകള്‍ ഒഴിവാക്കുകയും ചെയ്യണം. അവഹേളനങ്ങളും അപകീര്‍ത്തികളും പ്രവാചക മഹത്വത്തെ ഒരു നിലക്കും ബാധിക്കില്ലെന്നും ലോക മുസ്ലിംകള്‍ ആത്മ സംയമനം പാലിക്കണമെന്നും ഡോ.അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് അഭ്യര്‍ത്ഥിച്ചു.