തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍.

എന്റെ രാജ്യത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.. ?
ബാബറി മസ്ജിദ് തകര്‍ത്തതിന് ഈ രാജ്യംതന്നെ സാക്ഷിയാണ്..
വിധിയുടെ പ്രാഥമിക വിവരങ്ങള്‍ അറിയുമ്പോള്‍ ഒരു പൗരന്‍ എന്ന നിലയിലും ഒരു അഭിഭാഷകന്‍ എന്ന നിലയിലും തലകുനിക്കുന്നു.
രാജ്യത്തെ മുസ്ലിം സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു..
മുറിവില്‍ കൂടുതല്‍ വേദന പകരാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് കൂടുതല്‍ പറയുന്നില്ല..
‘ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാന്‍ ഉള്ള പോരാട്ടം തുടരും..-മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലഖ്‌നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രീംകോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.