കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട ലഖ്‌നോ സി.ബി.ഐ സ്‌പെഷ്യല്‍ കോടതി വിധിക്കെതിരെ പ്രതികരണവുമായി സമസ്ത. വിധി മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു. കേസിലെ 32 പ്രതികളേയും വെറുതെ വിട്ടായിരുന്നു കോടതിവിധി.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേ അറ്റം വേദനിപ്പിച്ചിരുന്നു. കൂടാതെ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്നും പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നേതാക്കള്‍ പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷയിലാതെ പോയത് വളരെ നിര്‍ഭാഗ്യകരമാണെന്നും വിധിക്കെതിരെ അന്വേഷണ ഏജന്‍സി ഉടനെ അപ്പീലിന് പോകണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബാബരി ധ്വംസന വിധിയില്‍ പ്രതികരിക്കുകയായിരുന്നു തങ്ങള്‍.

നിയമവിരുദ്ധമായും അക്രമമാര്‍ഗത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷയിലാതെ പോയത് വളരെ നിര്‍ഭാഗ്യകരമാണെന്ന് തങ്ങള്‍ പറഞ്ഞു. വിധിക്കെതിരെ അന്വേഷണ ഏജന്‍സി ഉടനെ തന്നെ ഇക്കാര്യത്തില്‍ അപ്പീല്‍ പോകേണ്ടതാണ്. എല്ലാവരും സമാധാനം നിലനിര്‍ത്തുകയും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുകയും വേണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.