കമാല്‍ വരദൂര്‍

വലിയ ഫുട്‌ബോള്‍ സീസണ്‍. ലാലീഗയില്‍ 38 മല്‍സരങ്ങള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇരുപതോളം മല്‍സരങ്ങള്‍. കിംഗ്‌സ് കപ്പില്‍ പത്ത് പോരാട്ടങ്ങള്‍. പിന്നെ ഫിഫ ക്ലബ് ഫുട്‌ബോളില്‍ അഞ്ച് മല്‍സരങ്ങള്‍. ഈ പോരാട്ടങ്ങള്‍ക്കെല്ലാമായി 20 വമ്പന്‍ താരങ്ങളും ഒരു സൂപ്പര്‍ കോച്ചും. പക്ഷേ എവിടെയും ആരും കേട്ടില്ല ഒരു വഴക്ക്, ഒരു പിണക്കം, ഒരു ഗോസിപ്പ്… റയല്‍ മാഡ്രിഡ് മുപ്പത്തിമൂന്നാം തവണയും സ്പാനിഷ് ലാലീഗ കിരീടം സ്വന്തമാക്കുമ്പോള്‍ അതിന്റെ മാര്‍ക്ക് രണ്ട് പേര്‍ക്കാണ്. കോച്ച് സൈനുദ്ദിന്‍ സിദാനും സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്കും… അസാമാന്യമായ, ഒരു പക്ഷേ അസാധ്യമെന്ന് പറയാവുന്ന കെമിസ്ട്രിയായിരുന്നു ഇവര്‍ തമ്മില്‍. എല്ലാ താരങ്ങള്‍ക്കും അവസരങ്ങള്‍ തുല്യമായി നല്‍കി, എല്ലാവരുടെയും കരുത്തിനെ ചൂഷണം ചെയ്ത് യഥാര്‍ത്ഥ പ്രൊഫഷണല്‍ കോച്ചായി സിദാന്‍ മാറിപ്പോള്‍ ഒരു ഈഗോക്കും നില്‍ക്കാതെ പരിശീലകന്റെ വഴിയില്‍ അച്ചടക്കത്തോടെ സഞ്ചരിച്ചു കൃസ്റ്റിയാനോ.
യൂറോപ്യന്‍ ഫുട്‌ബോളില്‍ എന്നും വിവാദങ്ങളുടെ കളത്തിലായിരിക്കും പരിശീലകരും താരങ്ങളും. പരിശീലകര്‍ രാജാക്കന്മാരായി നില്‍ക്കുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പിണങ്ങുക സ്വാഭാവികം. ഹൗസേ മോറിഞ്ഞോ, കാര്‍ലോസ് ആന്‍സലോട്ടി, ആഴ്‌സന്‍ വെംഗര്‍ തുടങ്ങി വിഖ്യാതരായ പരിശീലകരെല്ലാം സ്വന്തം സൂപ്പര്‍ താരങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സിദാന്‍ തന്റെ സൂപ്പര്‍ സംഘത്തെ മനോഹരമായി നയിച്ചു. കൃസ്റ്റിയാനോ, സെര്‍ജിയോ റാമോസ്, മാര്‍സിലോ, കരീം ബെന്‍സേമ, ജെയിംസ് റോഡ്രിഗസ്, ലുക്കാ മോദ്രിച്ച് തുടങ്ങി എല്ലാവരും വമ്പന്മാര്‍. എല്ലാവര്‍ക്കും തുല്യമായ അവസരം നല്‍കാനായി റൊട്ടേഷന്‍ സമ്പ്രദായം അദ്ദേഹം നടപ്പിലാക്കി. പക്ഷേ കൃസ്റ്റിയാനോയുടെ കാര്യത്തില്‍ സിദാന്‍ റൊട്ടേഷന്‍ രീതിയില്‍ ഉറച്ചുനിന്നില്ല. തന്റെ മാസ്റ്റര്‍ താരത്തിന്റെ സാന്നിദ്ധ്യം മതി പ്രതിയോഗികളെ വിറപ്പിക്കാനെന്ന് കോച്ചിന് ഉറപ്പായിരുന്നു.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള താരമായിട്ടും കൃസ്റ്റിയാനോ എല്ലാ മല്‍സരങ്ങളിലും കളിക്കാന്‍ വാശി പിടിച്ചില്ല. എല്ലാ കളികളിലും തനിക്ക് വലിയ റോള്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടില്ല. സെന്‍ട്രല്‍ സ്‌ട്രൈക്കറായി മാറ്റിയപ്പോള്‍ ആ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. ടീമിന്റെ അമരത്ത് പിന്‍നിരക്കാരനായ റാമോസായിരുന്നു. അതിലും കൃസ്റ്റിയാനോ പരാതിപ്പെട്ടില്ല. യഥാര്‍ത്ഥ ടീം മാനായി അദ്ദേഹം മൈതാനം നിറഞ്ഞ് കളിച്ചു. ആവശ്യ ഘട്ടത്തില്‍ പിന്നോട്ടിറങ്ങി ടീമിന്റെ രക്ഷകനായി. റയല്‍ കളിച്ച അവസാന എട്ട് മല്‍സരങ്ങളില്‍ മൂന്നില്‍ മാത്രമാണ് ആദ്യ ഇലവനില്‍ റൊണാള്‍ഡോ കളിക്കാതിരുന്നത്. സിദാന്റെ ഇരുപത് താരങ്ങളും ആയിരത്തിലധികം മിനുട്ട് കളിച്ചു എന്ന് പറയുമ്പോഴുണ്ട് കോച്ചിന്റെ വിശാലവീക്ഷണം. എല്ലാവരെയും ഒരേ പൊസിഷനില്‍ കളിപ്പിച്ചില്ല സിദാന്‍. റൈറ്റ് ബാക് പൊസിഷനില്‍ കളിച്ച് പരിചയമുള്ള നാച്ചോ ഫെര്‍ണാണ്ടസ് സെന്റര്‍ ബാക്, ലെഫ്റ്റ് ബാക് തുടങ്ങിയ പൊസിഷനുകളില്‍ കളിച്ചു. മാര്‍ക്കോ അസുന്‍സിയോ എന്ന 21 കാരനെ എത്ര പക്വമായാണ് കോച്ച് അവതരിപ്പിച്ചത്. മുഖ്യ താരങ്ങളില്‍ പലര്‍ക്കും പരുക്കേറ്റപ്പോള്‍ പുത്തന്‍ താരങ്ങളായ അല്‍വാരോ മൊറാത്ത, അസുന്‍സിയോ, ലുകാസ് വാകസ, റോഡ്രിഗസ്് തുടങ്ങിയവരെ അദ്ദേഹം ധൈര്യസമേതം പ്രധാന മല്‍സരങ്ങളില്‍ അവതരിപ്പിച്ചു. ഇസ്‌ക്കോ, ബെന്‍സേമ, മാര്‍സിലോ, ജെറാത്ത് ബെയില്‍, എന്നിവരെയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തി. കഴിഞ്ഞ മാസം ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസിക്കോയിലെ അവസാന നിമിഷ പരാജയം മാത്രമായിരുന്നു സീസണില്‍ കൃസ്റ്റിയാനോക്കും സിദാനും വേദന നല്‍കിയത്. ആ മല്‍സരത്തില്‍ പരുക്കേറ്റ് ബെയിലിനെ കളിപ്പിച്ചതായിരുന്നു വീഴ്ച്ചയെന്ന് പിന്നീട് സിദാന്‍ പറയുകയും ചെയ്തു. ഇനി ഒരു ഫൈനല്‍ കൂടിയുണ്ട്-ജൂണ്‍ 3ന് കാര്‍ഡിഫില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പ്രതിയോഗികള്‍ യുവന്തസ്. ആ പോരാട്ടത്തിനുളള ഊര്‍ജ്ജമാണ് ഇനി സിദാന്‍ സമ്പാദിക്കുന്നത്. വന്‍കരയിലെ നിലവിലെ ചാമ്പ്യന്മാരാണ് റയല്‍. ആ കിരീടം നിലനിര്‍ത്തിയാല്‍ സൂപ്പര്‍ ഡബിള്‍…..!