തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. ലാത്തിചാര്‍ജ്ജിലും ജലപീരങ്കി പ്രയോഗത്തിലും എം.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് അംജിത്ത്, കണ്ണൂര്‍ ജില്ലാഭാരവാഹി ബാസിത്ത് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അക്രമമഴിച്ചുവിടുകയായിരുന്നു. ആദ്യം ജലപീരങ്കി ഉപയോഗിച്ച പൊലീസ് നിരവധി തവണ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ്ജും നടത്തി. ഉച്ചക്ക് ഒരുമണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റ് മെയിന്‍ഗേറ്റിന് സമീപം പൊലീസ് തടഞ്ഞു. സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ചിതറിയോടിയ പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് കയറിയ പൊലീസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയും ബൂട്ട് ഇട്ട് ചവിട്ടിയുമാണ് പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. വീണ്ടും ഒത്തുകൂടി ബാരിക്കേഡിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ കൂടി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. സ്വാശ്രയമേഖലയില്‍ അരാജകത്വം ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റ് പോലും ഫീസ് കുറക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം കാരണം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മെഡിക്കല്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. പി.ജി കോഴ്‌സിന് 16 ലക്ഷം രൂപ ഫീസായി ഈടാക്കാമെന്നാണ് മാനേജുമെന്റുകളുമായി ധാരണ ഉണ്ടാക്കിയിരിക്കുന്നത്. എം.ബി.ബി.എസ് സീറ്റിന് ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടത്താന്‍ പോകുന്നതെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചിരിക്കുന്നത്. നീറ്റിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് പോലും നല്‍കാതെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ജീവിതം ഇടത് സര്‍ക്കാര്‍ താറുമാറാക്കുകയാണ്. നീറ്റിന്റെ നല്ല ഗുണത്തെ അംഗീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ല.
എല്ലാ സീറ്റുകളും നീറ്റിന്റെ മെറിറ്റിലേക്ക് മാറിയതോട് കൂടി സര്‍ക്കാറിന്റെ മേല്‍ക്കൈ വര്‍ധിച്ചിരിക്കുകയാണ്. എല്ലാ സീറ്റിലും ഗവണ്‍മെന്റ് നിശ്ചയിക്കുന്ന രീതിയില്‍ ഫീസ് നടപ്പിലാക്കാന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുപോലും മാനേജ്‌മെന്റിന്റെ ഇംഗിതത്തിന് അനുസരിച്ച് ഫീസ് നിശ്ചയിക്കുന്ന ഗവണ്‍മെന്റിന്റെ ധാര്‍ഷ്ട്യം അംഗീകരിക്കാനാകില്ല. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയും അറിയേണ്ടിവരും. സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് എം.എസ്.എഫിന്റെ കൊടുങ്കാറ്റിന് മുന്നില്‍ തകര്‍ന്ന് തരിപ്പണമാവുമെന്നും എം.എസ്.എഫ് സമരത്തിന് മുസ്‌ലിം ലീഗിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മുനീര്‍ പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.പി നവാസ്, സംസ്ഥാന ട്രഷറര്‍ യൂസഫ് വളാഞ്ചേരി, സംസ്ഥാന ഭാരവാഹികളായ ഷെരീഫ് വടക്കേല്‍, ഷബീര്‍ ഷാജഹാന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡ്ന്റ് ബീമാപ്പള്ളി റഷീദ്, ജനറല്‍ സെക്രട്ടറി പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. സുല്‍ഫിക്കര്‍ സലാം, നിസാര്‍ മുഹമ്മദ് സുല്‍ഫി, ഹാരിസ് കരമന, ഇ.ടി മുഹമ്മദ് ഷെരീഫ്, കെ.ടി റൗഫ്, ജുനൈദ് പാമ്പലത്ത്, ഷെഫീക്ക് വഴിമുക്ക്, ടി.പി ഹാരിസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.