ജനുവരി 15 മുതല്‍ ലാന്റ് ലൈന്‍ ഫോണുകളില്‍ നിന്നും മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കാന്‍ പൂജ്യം ഡയല്‍ ചെയ്യേണ്ടി വരും. വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഭാവിയില്‍ ഫോണ്‍നമ്പറുകള്‍ അനുവദിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഈ നടപടി. ലാന്റ് ലൈന്‍ നമ്പറുകളില്‍ നിന്നും മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ പൂജ്യം ചേര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശം അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ട്രായ് നേരത്തെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു.

മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് ജനുവരി 15 മുതല്‍ ലാന്റ്‌ഫോണുകളില്‍ നിന്നും മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണം. എന്നാല്‍ ലാന്റ് ലൈനില്‍ നിന്നും ലാന്റ് ലൈനിലേക്ക് വിളിക്കുന്ന രീതിയില്‍ മാറ്റമില്ല.

ലാന്റ് ലൈനില്‍ നിന്നും പൂജ്യം ചേര്‍ക്കാതെ മൊബൈലിലേക്ക് വിളിക്കുമ്പോള്‍ അത് സംബന്ധിച്ച ഒരു അറിയിപ്പ് കേള്‍പ്പിക്കും. പൂജ്യം ഇല്ലാതെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്യുമ്പോഴെല്ലാം ലാന്റ് ലൈന്‍ ഉപയോക്താക്കള്‍ ഈ അറിയിപ്പ് കേള്‍ക്കും.

ഇതുവഴി 253.9 കോടി നമ്പറിങ് സീരീസ് സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതുവഴി ഭാവിയില്‍ ഉപയോഗിക്കുന്നതിനായുള്ള നമ്പര്‍ സ്രോതസുകള്‍ ലഭിക്കും. ഇത് ഫോണ്‍നമ്പറിലെ അക്കങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.