കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ ഉറപ്പു നല്‍കിയതായി എം കെ രാഘവന്‍ എം പി അറിയിച്ചു.

വിമാനപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞ പതിനഞ്ച് മാസമായി പാര്‍ലമെന്റിലും വിവിധ മന്ത്രാലയങ്ങളിലും ഇടപെടലുകള്‍ നടത്തി വരികയാണ്.എയര്‍ ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ വിമാനത്താവളത്തിന് അനുകൂലമായിട്ടും അന്തിമ അനുമതി വൈകിയ സാഹചര്യത്തില്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നതായി എം പി അറിയിച്ചു. അന്തിമ അനുമതി നല്‍കുന്നത് വീണ്ടും അനിശ്ചിതമായി നീളുകയാണെങ്കില്‍ മലബാറിലെ എം പിമാരുടെ നേതൃത്വത്തില്‍ വിഷയമുന്നയിച്ച് പാര്‍ലമെന്റിന് പുറത്ത് ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം പി പറഞ്ഞു.