മുംബൈ: വിരാത് കോലിയെ ഇന്ത്യന്‍ നായകനാക്കിയത് അദ്ദേഹത്തിന്റെ ബാറ്റായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ താഴെയിറക്കിയതും മറ്റാരുമല്ല-ബാറ്റ് തന്നെ. ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സെലക്ടര്‍മാരെയും പ്രേരിപ്പിച്ചത് ബാറ്റര്‍ എന്ന നിലയിലെ കോലിയുടെ മോശം പ്രകടനം. ഒപ്പം അനുസരണകേടും. ഇന്നലെ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് സൗരവ് ദാദ പറഞ്ഞത് ടി-20 നായകസ്ഥാനം ഒഴിയരുതതെന്ന് കോലിയോട് പറഞ്ഞിരുന്നു എന്നാണ്. അദ്ദേഹം അനുസരിച്ചില്ല. ടി-20 എന്നാല്‍ അത് വൈറ്റ് ബോള്‍ ക്രിക്കറ്റാണ്. ഏകദിനത്തിലും ഉപയോഗിക്കുന്നത വൈറ്റ് ബോള്‍. ഇതിന് അനുയോജ്യന്‍ രോഹിതാണെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു. സമീപകാലത്തായി ടെസ്റ്റിലും ഏകദിനങ്ങളിലും ടി-20 യിലും നിരാശജനകമായിരുന്നു കോലിയുടെ ബാറ്റിംഗ്.

മഹേന്ദ്രസിംഗ് ധോണിക്ക് കീഴില്‍ കളിക്കുമ്പോള്‍ കോലിയിലെ ബാറ്റര്‍ സമ്പൂര്‍ണ ശക്തനായിരുന്നു. സെഞ്ച്വരികളും വലിയ സ്‌ക്കോറുകളുമായി അനായാസം അദ്ദേഹം ഉയരങ്ങളിലെത്തി. ഈ സമയത്ത് ബാറ്റര്‍ എന്ന നിലയില്‍ ധോണി നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വേളയിലാണ് ധോണി തന്നെ നായകസ്ഥാനം ഒഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഈ വഴി തന്നെയാണ് കോലിയും തെരഞ്ഞെടുത്തത്. ടി-20 നായകസ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുമെന്ന് പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത് മോശം ബാറ്റിംഗ് തന്നെയായിരുന്നു.

ഐ.പി.എല്‍ പോലെ വലിയ വേദിയില്‍ ദീര്‍ഘകാലം ഒരു ടീമിനെ നയിക്കാന്‍ അവസരം കിട്ടിയിട്ടും ഒരു തവണ പോലും അവര്‍ക്ക് കപ്പ് സമ്മാനിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മയാവട്ടെ കൃത്യമായ പ്ലാനിംഗില്‍ സ്വന്തം ടീമിന് കരുത്തേകി. ഈ താരതമ്യത്തില്‍ പിറകിലായത് മൂലമാണ് ടി-20 ക്യാപ്റ്റന്‍സി വിടാന്‍ കോലി നിര്‍ബന്ധിതനായത്. യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പിലും ടീം നിരാശപ്പെടുത്തി. പാകിസ്താന്‍ എന്ന ബദ്ധവൈരികളോട് ലോകകപ്പില്‍ ആദ്യമായി തോല്‍വി രുചിക്കുന്ന നായകന്‍ എന്ന അപഖ്യാതി കോലിക്കായി. കിവീസിനോടും തോറ്റ് ആദ്യഘട്ടത്തില്‍ തന്നെ പുറത്ത്. 2019 ലെ ഏകദിന ലോകകപ്പിലും ടീം നല്ല പ്രതീക്ഷ നല്‍കിയ ശേഷം തകര്‍ന്നു. ലോകകപ്പ് ടീം സെലക്ഷന്‍ പലപ്പോഴും കോലിയുടെ വണ്‍മാന്‍ ഷോയായിരുന്നുവെന്ന് പോലും പരാതി ഉയര്‍ന്നു. അമ്പാട്ട് റായിഡുവിന് ഇടം നല്‍കാതിരുന്നതും വിജയ് ശങ്കറിനെ പോലെ ഒരു പുതിയ താരത്തിന് ലോകകപ്പില്‍ അവസരം നല്‍കിയതുമെല്ലാം പലരെയും കോലിയില്‍ നിന്നും അകറ്റി. കിരീടങ്ങള്‍ അകന്നപ്പോള്‍ കോലിക്ക് അനുകൂലമായയത് ടെസ്റ്റ് പരമ്പരകള്‍ മാത്രമായിരുന്നു.

ഹോം പരമ്പരകളില്‍ ഇന്ത്യ കരുത്തരായി മാറി. വിദേശ പരമ്പരകളില്‍ കോലിയെ കൂടാതെ തന്നെ അജിങ്ക്യ രഹാനേ നയിച്ച ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നേടിയ പരമ്പരയും ചരിത്രമായതോടെയാണ് സെലക്ടര്‍മാര്‍ കോലിയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആരംഭിച്ചത്. അതിന്റെ തുടക്കമായിരുന്നു ടി-20 ടീമിലെ മാറ്റങ്ങള്‍. പുതിയ കോച്ചായി രാഹുല്‍ ദ്രാവിഡ് വന്നതോടെ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് സൗരവ് ഗാംഗുലിക്ക് കാര്യങ്ങള്‍ എളുപ്പമായി. ദ്രാവിഡ്-രോഹിത് കൂട്ട്‌കെട്ട് കിവിസീനെതിരായ ടി-20 പരമ്പരയില്‍ തിളങ്ങയിതോടെ ധൈര്യമായി, അവസാനം ആ ആത്മവിശ്വാസത്തിലാണ് കോലിയെ പുറത്താക്കാന്‍ സെലക്ടര്‍മാരും ക്രിക്കറ്റ് ബോര്‍ഡും ധൈര്യം കാട്ടിയത്.