തിരുവനന്തപുരം: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ പിണറായിക്ക് നെഞ്ചിടിപ്പേറുന്നു. തിങ്കളാഴ്ച മുതലാണ് സുപ്രീംകോടതിയില്‍ വാദം തുടങ്ങുന്നത്. സിബിഐ നല്‍കിയ അപ്പീലും, വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലുകളിലുമാണ് കോടതി വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് തിങ്കളാഴ്ച ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാറിനെയും ബിജെപി നേതൃത്വത്തെയും പരമാവധി സുഖിപ്പിച്ച് കേസ് വഴിതിരിച്ചുവിടാന്‍ പിണറായി ശ്രമിച്ചിരുന്നെങ്കിലും കോടതിയില്‍ നിന്ന് എന്തെങ്കിലും എതിരായ പരാമര്‍ശമുണ്ടായാല്‍ അത് തനിക്ക് തിരിച്ചടിയാവുമെന്ന ഭയം പിണറായിക്കുണ്ട്. നേരത്തെ 18 തവണയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. കോവിഡിന്റെയും മഹാപ്രളയങ്ങളുടെയും മറവില്‍ സഹമന്ത്രിമാരെയും പാര്‍ട്ടി നേതാക്കളേയും നിശബ്ദരാക്കി ഒറ്റക്ക് മുന്നോട്ടു പോവുന്ന പിണറായിക്ക് ലാവ്‌ലിന്‍ ഹര്‍ജി ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുകയാണ്. കേസില്‍ കോടതിയില്‍ നിന്ന് എന്തെങ്കിലും എതിരായ പരാമര്‍ശമുണ്ടായാല്‍ തനിക്കെതിരെ ആദ്യം എതിര്‍പ്പുയരുന്നത് പാര്‍ട്ടിക്കകത്ത് നിന്നായിരിക്കും എന്ന ബോധ്യം പിണറായിക്കുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ജികള്‍ പരിഗണിക്കുന്നത് പരമാവധി നീട്ടാന്‍ പിണറായി നീക്കം നടത്തിയിരുന്നു.

തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുന്നതിനെതിരെയും സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കെഎസ്ഇബി മുന്‍ ചെയര്‍മാനും കേസിലെ പ്രതിയുമായ ശിവദാസന്റെ അഭിഭാഷകനാണ് അപേക്ഷ നല്‍കിയത്. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ ഒരു വ്യക്തിയുടെ അഭിഭാഷക നല്‍കിയ മെയിലിലെ ആവശ്യം പരിഗണിച്ചാണ് തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ലാവ്‌ലിന്‍ അപ്പീലുകള്‍ ഉള്‍പ്പെടുത്തിയത്. ഇത് തങ്ങളുടെ അറിവോടെയല്ലെന്നും കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും പുനരാരംഭിച്ച ശേഷം തുറന്ന കോടതിയില്‍ വിശദമായി വാദം കേള്‍ക്കണമെന്നുമാണ് ശിവദാസന്റെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ശിവദാസന്റെ ഹര്‍ജിക്ക് പിന്നില്‍ പിണറായി വിജയന്റെ രഹസ്യ നീക്കമാണെന്നാണ് വിവരം. ഹര്‍ജി പരമാവധി നീട്ടുക എന്നതാണ് പിണറായി വിജയന്‍ ലക്ഷ്യം വെക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹര്‍ജി പരിഗണിക്കുന്നത് തടയുക എന്നതാണ് പിണറായി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

പിണറായിയുടെ ഏകാധിപത്യത്തിനെതിരെ സര്‍ക്കാറിലും പാര്‍ട്ടിയിലും ശക്തമായ അതൃപ്തിയുണ്ട്. പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ ഒരു ഓഫീസ് ബോയിയുടെ വില പോലുമില്ല. എല്ലാം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും പിണറായി വിജയന്‍ ഒറ്റക്കാണ്. തോമസ് ഐസക്, ജി. സുധാകരന്‍, എം.എ ബേബി, പി.ജയരാജന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പിണറായി വിജയന്റെ ഏകാധിപത്യത്തില്‍ അതൃപ്തരാണ്. ലാവ്‌ലിന്‍ കേസ് ഉയര്‍ത്തിപ്പിടിച്ച് തനിക്കെതിരെ ഒരു പടയൊരുക്കം പിണറായി പ്രതീക്ഷിക്കുന്നുണ്ട്. ലാവ്‌ലിന്‍ വീണ്ടും സുപ്രീംകോടതിയിലെത്തുമ്പോള്‍ അത് പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി തന്നെ തീരുമാനിക്കുന്ന ഒന്നാവും എന്ന കാര്യത്തില്‍ സംശയമില്ല.