തിരുവനന്തപുരം: ലോ അക്കാദമി കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ലോ അക്കാദമിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് നാളെ സര്‍വകലാശാലക്ക് സമര്‍പ്പിക്കും.

സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ അക്കാദമിയില്‍ നടന്നിട്ടുണ്ട്, കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് അനുവദിച്ചതിലും ഹാജര്‍ നല്‍കിയതിലും പക്ഷപാതം കാണിച്ചതായും സമിതി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ലേഡീസ് ഹോസ്റ്റലില്‍ സ്വകാര്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്നുള്ള ആരോപണവും സത്യമാണെന്ന് സമിതി കണ്ടെത്തിയതായും മലയാളം വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയെ നടപടിയെടുക്കൂ എന്നാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നത്. അതിനാല്‍ ഇന്നലെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായുള്ള ചര്‍ച്ച എങ്ങുമെത്താതെ പിരിയുകയായിരുന്നു.