kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

By webdesk17

July 03, 2025

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. കെ.എസ് അനില്‍കുമാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. സസ്‌പെന്‍ഷന്‍ നടപടി മറികടന്ന് രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ എത്താനാണ് സാധ്യത. അതേസമയം വിസി ചുമതല നല്‍കിയ സിസ തോമസും സര്‍വകലാശാല ആസ്ഥാനത്ത് എത്തും.

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാല ചട്ട പ്രകാരം അനുമതി ഇല്ലെന്നാണ് സിന്‍ഡിക്കേറ്റ് വ്യക്തമാക്കുന്നത്. വിസിയുടെ നടപടിയെ രജിസ്ട്രാര്‍ കോടതിയില്‍ ചോദ്യം ചെയ്യും.

കൂടാതെ, ഗവര്‍ണറുടെ തീരുമാനപ്രകാരമുള്ള നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും നിയമപരമായി ചോദ്യം ചെയ്യും.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റേതാണ് നടപടി. നേരത്തെ രജിസ്ട്രാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയിരുന്നു.