പി.മുഹമ്മദ് കുട്ടശ്ശേരി

വിശ്വാസിയായ ഒരു മനുഷ്യന്‍ മരണപ്പെടുന്നതോടെ സാധാരണ ഗതിയില്‍ സത്കര്‍മങ്ങള്‍ ചെയ്ത് പുണ്യം നേടാനുള്ള അവസരവും അവസാനിക്കുന്നു. എന്നാല്‍ മരണശേഷവും അവന്‍ ജീവിതകാലത്ത് ചെയ്ത മൂന്ന് കര്‍മങ്ങള്‍ അവന് പുണ്യം നല്‍കിക്കൊണ്ടേയിരിക്കും. ഒന്ന്: സ്ഥിരമായി പുണ്യം ചുരത്തികൊണ്ടിരിക്കുന്ന ദാനം. രണ്ട്: അവന്‍ പ്രചരിപ്പിച്ച ഉപകാരപ്രദമായ വിജ്ഞാനം. മൂന്ന്: അവന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന മക്കള്‍. ഒരു വസ്തു നിലനിര്‍ത്തിക്കൊണ്ട് തന്നെ അതിന്റെ പ്രയോജനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നതാണ് വഖ്ഫ്. പ്രവാചകനും അനുയായികളും ഇങ്ങനെ പള്ളികള്‍, ഭൂമി, തോട്ടങ്ങള്‍, മാര്‍ഗത്തില്‍ വിനിയോഗിക്കുന്നതാണ് വഖ്ഫ്. പ്രവാചകനും അനുയായികളും ഇങ്ങനെ പള്ളികള്‍, ഭൂമി, തോട്ടങ്ങള്‍, കിണറുകള്‍, കുതിര എന്നിവയെല്ലാം ആ കാലഘട്ടത്തില്‍ വഖഫ് ചെയ്തിട്ടുണ്ട്. ഉമറിന് ഖൈബറില്‍ കുറച്ചു ഭൂമി കൈവശം വന്നു. ഇത്രയും വിലപിടിച്ച മറ്റൊന്ന് അദ്ദേഹത്തിന് വേറെയില്ല. ആ ഭൂമി എന്തു ചെയ്യണമെന്ന് പ്രവാചകനോട് അന്വേഷിച്ചപ്പോള്‍ ഭൂമി അവിടെ തന്നെ നിലനിര്‍ത്തി വരുമാനം ദരിദ്രര്‍ക്കും കുടുംബ ബന്ധമുള്ളവര്‍ക്കും അടിമത്വ മോചനത്തിനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊതു നന്‍മക്കും ഗതിമുട്ടിയവര്‍ക്കും അതിഥികള്‍ക്കുമെല്ലാം ദാനം ചെയ്യാന്‍ നബി നിര്‍ദേശിച്ചു. വഖഫ്, ചെയ്ത മൂലവസ്തു ഒരിക്കലും വില്‍ക്കാനോ , ദാനം ചെയ്യാനോ, അനന്തരമായി നല്‍കാനോ പാടില്ല. അതിന്റെ പരിപാലന ചുമതലയുള്ളവന് അതില്‍ നിന്ന് നീതിപൂര്‍വ്വം ഭക്ഷിക്കാം. സ്‌നേഹിതനു അതില്‍ നിന്ന് തിന്നാന്‍ നല്‍കാം. അത് ഉപയോഗിച്ച് സ്വന്തം സമ്പാദ്യമുണ്ടാക്കാവതല്ല. വഖഫിന്റെ സ്വഭാവും ഇതില്‍ നിന്ന് മനസിലാക്കാം.

ഒരിക്കല്‍ തിരുമേനി പ്രസംഗത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ധനം ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാന്‍ കഴിയില്ല എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചു. അബൂതല്‍ഹ പറഞ്ഞു: എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ട സ്വത്ത് ബൈറുഹാഅ് ആണ്. ഞാന്‍ അത് നിങ്ങളെ ഏല്‍പിക്കുന്നു. നിങ്ങള്‍ ഇഷ്ടപ്പെടും വിധം അത് വിനിയോഗിക്കാം. പ്രവാചകന്‍ അത് അബൂതല്‍ഹയുടെ അടുത്ത ബന്ധുക്കള്‍ക്കും അദ്ദേഹത്തിന്റെ പിതൃവ്യ പുത്രന്‍മാര്‍ക്കുമായി വഖ്ഫ് ചെയ്തു. കടുത്ത ജലക്ഷാമം നേരിട്ടപ്പോള്‍ പ്രാവചകന്‍ സുലഭമായി വെള്ളം കിട്ടുന്ന റൂമാ കിണര്‍ വിലക്കുവാങ്ങി പൊതു ഉപയോഗത്തിന് നല്‍കാന്‍ ആരുണ്ടെന്ന് ചോദിച്ചപ്പോള്‍ ഉസ്മാന്‍ അത് വിലക്ക് വാങ്ങി പൊതു ഉപയോഗത്തിന് വിട്ടുകൊടുത്തു. ഉസ്മാനും മറ്റുള്ളവരെപ്പോലെ അതില്‍ നിന്ന് വെള്ളം കോരിയെടുത്തിരുന്നു. പ്രവാചകന്റെ കാലത്തെ വഖഫിന്റെ സ്വഭാവം അറിയാനാണ് ഈ സംഭവങ്ങള്‍ ഇവിടെ വിവരിച്ചത്. വഖഫ് ചെയ്ത വസ്തു ഉപയോഗശൂന്യമായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മതം നിര്‍ണയിച്ചിട്ടുണ്ട്. പള്ളി സ്ഥാപിച്ച സ്ഥലം ആള്‍പാര്‍പ്പില്ലാതായാല്‍ പിന്നെ ആള്‍പാര്‍പ്പുള്ള സ്ഥലത്തേക്ക് അത് മാറ്റാം. ഉമറിന്റെ കാലത്ത് കൂപയിലെ പൊതു ഖജനാവ് കള്ളന്‍മാര്‍ ചുമര്‍തുരന്ന് കൊള്ളയടിച്ച വിവരം കിട്ടിയപ്പോള്‍ പള്ളി ഖജനാവിന്റെ അടുത്ത് മാറ്റി നിര്‍മിക്കാന്‍ ആവശ്യപ്പെടുകയും ആദ്യമുണ്ടായിരുന്ന പള്ളി കാരക്ക കച്ചവടത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം വഖഫ് സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് വിശ്വാസികള്‍ക്ക് ഒരു ധാരണ സൃഷ്ടിക്കുന്നു.

കേരളത്തില്‍ പൂര്‍വ്വിക മുസ്്‌ലിംകള്‍ വഖ്ഫ് ചെയ്യുന്ന വിഷയത്തില്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു. പള്ളികള്‍, പള്ളി ദര്‍സുകള്‍, യതീംഖാനകള്‍, അറബി കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഗതി മന്ദിരങ്ങള്‍ തുടങ്ങിയവയെല്ലാം വഖഫ് സ്വത്ത് കൊണ്ട് അവര്‍ സ്ഥാപിച്ചിരുന്നു. കേരളത്തിലെ മുസ്്‌ലിംകളുടെ അഭിമാന സ്തംഭങ്ങളായ ഫാറൂഖ് കോളജ് -അറബിക്കോളജ് എന്നിവ നിലകൊള്ളുന്ന സ്ഥലം വഖ്ഫ് ചെയ്ത സംഭവം ഒരു മാതൃകയായി കണക്കാക്കാം. ലോകത്തിലെ ഏറ്റവും വലിയ മത-വിദ്യാഭ്യാസ കേന്ദ്രമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മൗലാനാ അബ്ദുസ്സബാഹ് ആദ്യമായി മഞ്ചേരിയില്‍ അസ്ഹര്‍ മാതൃകയില്‍ ഒരു അറബി കോളജ് സ്ഥാപിച്ചു. സ്ഥാപനം വികസിപ്പിക്കാന്‍ പറ്റിയ ഒരു സ്ഥലം കണ്ടെത്താന്‍ കോഴിക്കോട്ടെ പ്രമുഖരായ എം.കുഞ്ഞോയി വൈദ്യര്‍, അഡ്വ.എം.വി ഹൈദ്രോസ് എന്നിവരെ ചുമതലപ്പെടുത്തി. അവര്‍ അന്വേഷിച്ചു ഫറോക്കില്‍ സ്ഥലം കണ്ടെത്തി, അതിന്റെ ഉടമയായ പുളിയാളി അബ്ദുള്ളക്കുട്ടി ഹാജിയെ സമീപിച്ചു. അവര്‍ അദ്ദേഹവുമായി വിലയെപ്പറ്റി സംസാരിക്കുമ്പോള്‍ ആ സാത്വികനായ മനുഷ്യന്‍ പറയുകയാണ്-നിങ്ങള്‍ വിവരിച്ച ഉദ്ദേശങ്ങള്‍ക്കാണ് സ്ഥലമെങ്കില്‍ ഞാന്‍ സ്ഥലം സൗജന്യമായി നല്‍കാം. അദ്ദേഹം വഖ്ഫ് ചെയ്ത 28 ഏക്കര്‍ വരുന്ന സ്ഥലത്താണ് ഇന്ന് അറബിക്കോളജും ഫാറൂഖ് കോളജുമടക്കമുള്ള പത്ത് സ്ഥാപനങ്ങളും അനുബന്ധ കെട്ടിടങ്ങളും നിലകൊള്ളുന്നത്.

വഖഫ് ചെയ്ത സ്വത്തിന്റെ യഥാര്‍ത്ഥ ഉടമ അല്ലാഹുവാണ്. അത് കൊണ്ട് മുതവല്ലിയും സ്വത്ത് കൈകാര്യം ചെയ്യുന്ന മറ്റു ഉദ്യോഗസ്ഥരുമെല്ലാം അല്ലാഹുവിലും പരലോക ജീവിതത്തിലും രക്ഷാശിക്ഷകളിലും പ്രവാചകനിലും എല്ലാം വിശ്വസിക്കുന്നവരും മതത്തിന്റെ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നവരുമായിരിക്കണം. ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തവരെ അത് ഏല്‍പിക്കുന്നത് അനീതിയാണ്. പാര്‍ലമെന്റിലും നിയമസഭകളിലും ഇന്ന് എന്തൊക്കെ നടക്കുന്നുവെന്ന് അറിയാത്തവരില്ല. സത്യത്തിന്റെയും നീതിയുടെയും മാനദണ്ഡം ഈ രണ്ടു സഭകളിലെയും ഭൂരിപക്ഷ തീരുമാനമല്ല. മറിച്ചു മുസ്്‌ലിം സമുദായത്തിന്റെ പൊതുവായ അംഗീകാരമാണ്. വഖഫ് പോലുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി വിവാദം സൃഷ്ടിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. ഇത് വരെ തുടര്‍ന്നുവന്നിരുന്ന ക്രമത്തിന്റെ ദോഷം മുതവല്ലിമാരെ ബോധ്യപ്പെടുത്തിയിട്ടില്ല. അവര്‍ ഉന്നയിക്കുന്ന ആശങ്ക അസ്ഥാനത്താണെന്ന് തെളിയിച്ചിട്ടുമില്ല.