സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ച ലിജോ ജോയിയുടെ സംവരണ വിരുദ്ധപോസ്റ്റിന് മറുപടി വൈറലാകുന്നു. കൂളിമുട്ടം സ്വദേശിയായ രഞ്ജിത് കണ്ണന്‍കാട്ടില്‍ എന്ന യുവ എഞ്ചിനീയറാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ട സംവരണ വിരുദ്ധതയ്ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. ഞാനുള്‍പ്പടെ എന്റെ ചങ്ങാതിമാരാരും സംവരണത്തെ ഒരിക്കലും ആനുകൂല്യമായി കണ്ടിരുന്നിട്ടില്ല, മറിച്ച് ഒരാശ്വാസമായിരുന്നു എന്ന് രഞ്ജിത് രഞ്ജിത്ത് പറയുന്നു.

നിങ്ങള്‍ ഇപ്പോള്‍ കൈക്കോട്ടെടുത്തുവല്ലോ. ഞങ്ങള്‍ക്ക് കൈക്കോട്ടെടുത്ത് കിളക്കാന്‍ പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ. നരകദുരിതങ്ങളിലകപ്പെട്ടു പോയ പിതാമഹന്മാരുടെ എല്ലിങ്കൂടുകള്‍ക്ക് മേലെ ഞങ്ങളുടേത് അടിയാതിരിക്കാനുള്ള ഒറ്റ കച്ചിത്തുരുമ്പു മാത്രമായിരുന്നു രഞ്ജിത് ഫേസ്ബുക്കില്‍ കുറിച്ചു.
ദുരിതങ്ങള്‍ക്കിടയിലും താന്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയത് ചൂണ്ടിക്കാണിച്ച് ഐഐടി മദ്രാസിലേതുള്‍പെടെ മാര്‍ക്ക് ലിസ്റ്റുകളുടെ കോപ്പിയും രഞ്ജിത് ഒപ്പം ചേര്‍ത്തിട്ടുണ്ട്.

ഞാന്‍ ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാന്‍ പോകുവാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശെരിയല്ല. ഇനിയുള്ള തലമുറക്ക് റിസര്‍വേഷന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക. ഇവിടെ അഡ്മിഷനുള്ള മാനദണ്ഡം മാര്‍ക് മാത്രമല്ല. 50% മാര്‍ക് ഉള്ള താഴ്ന്ന ജാതിയില്‍പെട്ട കൂട്ടുകാര്‍ക് എവിടെ വേണമെങ്കിലും സീറ്റ് കിട്ടും എന്നായിരുന്നു ലിജോ പറഞ്ഞത്. സംവരണത്തെ എതിര്‍ത്ത് കൊണ്ടുള്ള ലിജോയുടെ പോസ്റ്റ് അരലക്ഷത്തോളം ലൈക്കും 12000-ഓളം ഷെയറും വാങ്ങി വന്‍ ഹിറ്റാവുകയും ചെയ്തിരുന്നു. വി.ടി ബല്‍റാം എം.എല്‍.എ, വൈശാഖന്‍ തമ്പി തുടങ്ങി നിരവധിപേര്‍ ഇതിനെ എതിര്‍ത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ കുറിപ്പിന് വന്‍ പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

സംവരണം, പഠിക്കാന്‍ തുച്ഛമായ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്നവരുടെ വിളക്കെണ്ണയായിരുന്നു. സാമൂഹികമായ അടിമത്തത്തിന്റെ, കൂലിപ്പണിക്കാരന്റെ മോന് ചാര്‍ത്തിയ തുല്യങ്ങളുടെ വിച്ഛേദനമായിരുന്നു. സംവരണത്തിന്റെ ഔദാര്യം കൊണ്ട് ഒരാളുടേയും അവസരങ്ങളെ നഷ്ടപ്പെടുത്തിയിട്ടില്ല. കഷ്ടപ്പെട്ടു പഠിച്ചു മുന്നേറാനേ ഞങ്ങളെല്ലാം ശ്രമിച്ചിട്ടുള്ളൂ. വലിയ നിലയിലെത്തി എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, ഞങ്ങളെ ജീവിക്കാന്‍ പ്രാപ്തരാക്കിയതില്‍ സംവരണത്തിന് വലിയ പങ്കുണ്ട്, രഞ്ജിത്ത് പറയുന്നു. സ്‌നേഹത്തോടെ, സംവരണം കൊണ്ട് രക്ഷപെടേണ്ട ഒരു സമൂഹമിവിടെയുണ്ടെന്ന് വിചാരിക്കുന്ന ഒരു ഏട്ടന്‍. എന്ന് പറഞ്ഞ് കൊണ്ടാണ് രഞ്ജിത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട ലിജോ ജോയ്,
അച്ഛന് ഓലക്കച്ചവടമുണ്ടായിരുന്നു പണ്ട്. ഞങ്ങള്‍ പഞ്ഞക്കാലങ്ങളെയെല്ലാം തരണം ചെയ്തത്, എറിയാടുള്ള മമ്മദ്ക്കാക്ക് ഓല വിറ്റ് കിട്ടുന്ന കാശുകൊണ്ടാണ്. ഓലക്കച്ചവടക്കാരില്‍ സ്‌നേഹത്തോടെ, ഒരു കെട്ടിന് രണ്ടോ മൂന്നോ ഉറുപ്യ കൂടുതല്‍ തരും മൂപ്പര്‍.

മമ്മദ്ക്ക ഓലയെടുക്കാന്‍ വരുന്നത് മിക്കപ്പോഴും ഞായറാഴ്ചകളിലാണ്. ഞാനും ചേച്ചിയും അച്ഛമ്മയും കൂടിയാണ് ഓല പെറുക്കിക്കൂട്ടുക. ഓലയില്‍ തിരിവുള്ളതു(നന്നേ ചെറിയ പൊട്ടിയ ഓലകള്‍) മാറ്റി എണ്ണിക്കൊടുക്കുക എന്നത് ഒരു വലിയ കാര്യമായാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് തോന്നിയിരുന്നത്. തിരിവുള്ള ഓലകള്‍ കണക്കില്‍ കൂട്ടില്ല. അത് വശത്തേക്കു മാറ്റിയിടും. അതു കാണുമ്പോള്‍ അച്ഛമ്മയുടെ ചങ്കുപിടക്കും. പറമ്പില്‍ നിന്നും പെറുക്കിക്കൂട്ടി, നെടുകെ കീറി, ചീവിയെടുത്ത്, ചീയാന്‍ തോട്ടിലിട്ട്, വലിച്ച് കയറ്റി തോരാനിട്ട്, മെടഞ്ഞ്, പവന്‍ വെയിലത്തുണക്കി, ചുമന്ന് അടുക്കി വച്ചത് തിരിഞ്ഞിടുമ്പോളുള്ള അസ്വസ്ഥത തന്നെ. നല്ല തെറി പറയും മമ്മദ്ക്കായെ. അതുകൊണ്ട് തന്നെ, അച്ഛമ്മ ഉള്ളപ്പോള്‍ മമ്മദ്ക്ക ഓലയധികം തിരിയാറില്ല. ഓല കെട്ടിയെടുത്തു കൊണ്ടുപോയാല്‍ ഉമ്മറം ഒഴിയും. ഓല അടുക്കി വച്ചിരുന്ന ഇളം തിണ്ണയിലെ പോടുകളില്‍ നിന്നും പഴുതാരകളും പാറ്റകളും ഘോഷയാത്ര നടത്തും.

പിന്നെ അടുത്ത മാസത്തേക്കുള്ള ഓലയെടുപ്പായിരിക്കും. സ്‌കൂള്‍ വിട്ടു വന്നാല്‍ പൊതുവേ എന്നെ പഠിക്കാന്‍ വിടലാണ് അച്ചന്റെ ശീലം. എന്നാല്‍ ക്ലാസുകളില്‍ കയറ്റം കിട്ടി അഞ്ചിലോ ആറിലോ ഒക്കെ എത്തിയപ്പോള്‍ വല്ലപ്പോഴും ഞായറാഴ്ചകളിലോ, അവധി ദിവസങ്ങളിലോ ഞാനും അച്ചന്റെ കൂടെ ഓല എടുക്കാന്‍ പോകും.

തെങ്ങുകയറിയ സ്ഥലങ്ങളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഓലക്കൂട്ടങ്ങള്‍ക്കടുത്ത് നിന്ന് അച്ഛന്‍ ഓല വെട്ടി വെടിപ്പാക്കും. ഞാന്‍ അതെല്ലാം വലിച്ചുകൂട്ടി ഒരിടത്താക്കും. കക്ഷത്തിലിപ്പോഴും പച്ചോലയുടേയും വഴുകയുടെ ഈര്‍പ്പത്തിന്റേയും തണുപ്പുണ്ട്.
വലിച്ചു കൂട്ടിയ ഓലകളെല്ലാം കെട്ടുകളാക്കുന്നത് പച്ചമടലില്‍ നിന്നും ഉരിഞ്ഞെടുത്ത വഴുകകള്‍ കൊണ്ടാണ്. അച്ഛന്‍ വഴുക ഉലിഞ്ഞെടുക്കുന്നത് എനിക്ക് കാഴ്ചക്ക് അത്രമാത്രം പ്രിയപ്പെട്ട ഒരു കലയായിരുന്നു. ഓല കെട്ടിയതിനു ശേഷം ആ കെട്ട് കുത്തി നിര്‍ത്താനാണ് അടുത്തതായി എന്റെ സഹായം വേണ്ടത്. എന്റെ കൊച്ചുകൈകള്‍ കൊണ്ട് ഒന്നുമാകില്ലെങ്കിലും, ഞാന്‍ കൂടിയാണ് അതുയര്‍ത്തിയത് എന്നൊരു ബോധം എന്നില്‍ സൃഷ്ടിക്കാന്‍ അച്ഛന്‍ ശ്രമിച്ചിരുന്നു. ഉന്തുവണ്ടിയിലേക്ക് ആകാശം മുട്ടെ നിറച്ചുവച്ച ഓലക്കെട്ടുകളുമായി വണ്ടിപ്പടി പിടിക്കുമ്പോള്‍ അരികിലെ മരത്തടുക്കുകളില്‍ കൈവച്ച് എന്നാലാകും വിധം തള്ളി സഹായിക്കാന്‍ ഞാനും ശ്രമിച്ചുരുന്നു.

ഞാന്‍ എട്ടാം ക്ലാസിലെത്തിയപ്പോഴാണ് സൈക്കിള്‍ കിട്ടിയത്. അച്ഛന് സൈക്കിള്‍ ചവിട്ടാന്‍ അറിയില്ല. നന്നേ കാഴ്ചശക്തി കുറവാണ് കണ്ണിന്. അതുകൊണ്ട് പഠിക്കാന്‍ പറ്റാതെ പോയതാണ്. എന്റെ ബ്രൗണ്‍ ബി.എസ്.എ യില്‍ അച്ഛനെ ഇരുത്തി ഞായറാഴ്ചകളില്‍ ഞങ്ങള്‍ അലയും. പുതിയ കാവി നടുത്ത് മമ്മുമാനേജരുടെ പറമ്പില്‍, പുന്നിലത്ത് ഹഖിക്കായുടെ പുരയിടത്തില്‍ എല്ലാം ഓലയന്വേഷിച്ച് നടക്കും, താണ്ടാന്‍ കര്‍ക്കിടകങ്ങളിനിയും ബാക്കിയാണല്ലോ.

ചങ്ങാതീ… ലിജോ…
നിങ്ങള്‍ ഇപ്പോള്‍ കൈക്കോട്ടെടുത്തുവല്ലോ. ഞങ്ങള്‍ക്ക് കൈക്കോട്ടെടുത്ത് കിളക്കാന്‍ പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ.
ഞാനുള്‍പ്പടെ എന്റെ ചങ്ങാതിമാരാരും സംവരണത്തെ ഒരിക്കലും ആനുകൂല്യമായി കണ്ടിരുന്നിട്ടില്ല, മറിച്ച് ഒരാശ്വാസമായിരുന്നു.
നരകദുരിതങ്ങളിലകപ്പെട്ടു പോയ പിതാമഹന്മാരുടെ എല്ലിങ്കൂടുകള്‍ക്ക് മേലെ ഞങ്ങളുടേത് അടിയാതിരിക്കാനുള്ള ഒറ്റ കച്ചിത്തുരുമ്പു മാത്രമായിരുന്നു.
പഠിക്കാന്‍ തുച്ഛമായ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്നവരുടെ വിളക്കെണ്ണയായിരുന്നു.
സാമൂഹികമായ അടിമത്തത്തിന്റെ, കൂലിപ്പണിക്കാരന്റെ മോന് ചാര്‍ത്തിയ തുല്യങ്ങളുടെ വിച്ഛേദനമായിരുന്നു.

സംവരണത്തിന്റെ ഔദാര്യം കൊണ്ട് ഒരാളുടേയും അവസരങ്ങളെ നഷ്ടപ്പെടുത്തിയിട്ടില്ല.
കഷ്ടപ്പെട്ടു പഠിച്ചു മുന്നേറാനേ ഞങ്ങളെല്ലാം ശ്രമിച്ചിട്ടുള്ളൂ. വലിയ നിലയിലെത്തി എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, ഞങ്ങളെ ജീവിക്കാന്‍ പ്രാപ്തരാക്കിയതില്‍ സംവരണത്തിന് വലിയ പങ്കുണ്ട്.
സ്‌നേഹത്തോടെ,
സംവരണം കൊണ്ട് രക്ഷപെടേണ്ട ഒരു സമൂഹമിവിടെയുണ്ടെന്ന് വിചാരിക്കുന്ന
ഒരു ഏട്ടന്‍.