പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം; പ്രതികരണവുമായി നടി ഭാമ
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രധാന പ്രതി പള്‍സര്‍ സുനി നേരത്തെ മറ്റൊരു ക്വട്ടേഷന്‍ നടത്തിയിരുന്നുവെന്ന വാര്‍ത്ത സംബന്ധിച്ച് പ്രതികരിച്ച് നടി ഭാമ രംഗത്ത്.

അന്ന് ആക്രമണത്തിനിരയായ നടി താന്‍ അല്ലെന്നും തനിക്കു നേരെ അത്തരമൊരു ആക്രമണം നടന്നിട്ടില്ലെന്നും താരം പ്രതികരിച്ചു. ആരും തന്നെ തട്ടികൊണ്ടുപോയിട്ടില്ലെന്നും ഭാമ പറഞ്ഞു.

പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനത്തിനിരയായത് ലോഹിതദാസിന്റെ സിനിമയിലൂടെ എത്തിയ നടിയാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

സംഭവത്തിനു ശേഷം നടി സിനിമയില്‍ സജീവമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ നടി താനല്ലെന്ന് ഒരു പ്രമുഖ മാധ്യമത്തോട് ഭാമ പ്രതികരിച്ചു.

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയിലെത്തുന്നത്. സിനിമയില്‍ നിന്ന് ഇടക്കാലത്ത് അപ്രത്യക്ഷമായ താരം അടുത്തിടെയാണ് മലയാളത്തില്‍ സജീവമായത്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. ഇത് വൈറലായതോടെയാണ് വിശദീകരണവുമായി നടി തന്നെ നേരിട്ടു രംഗത്തുവന്നത്.