ജോലി കഴിഞ്ഞ് രാത്രി ഗുജറാത്തിലെ ഗിര്‍ വനത്തിലൂടെ മടങ്ങുമ്പോഴാണ് വഴിയില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച് സിംഹം കിടന്നക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പകല്‍ മുഴുവന്‍ നീണ്ട ജോലിക്കു ശേഷം മടങ്ങുകയായിരുന്ന വനം വകുപ്പ് വാച്ചര്‍ മഹേഷ് സണ്‍ദര്‍വയാണ് ബൈക്കില്‍ മടങ്ങും വഴി സിംഹത്തിന്റെ മുന്നില്‍ അകപ്പെട്ടത്. സിംഹം വഴിയില്‍ നിന്നും മാറാതെ മുന്നോട്ട് പോകാന്‍ സാധിക്കാത്തതിനാല്‍ സിംഹത്തോട് അപേക്ഷിക്കാന്‍ തന്നെ മഹേഷ് തീരുമാനിച്ചു. മഹേഷ് തന്നെയാണ് ഈ ദൃശ്യം ചിത്രീകരിച്ചതും പിന്നീട് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. അന്‍ഷുമാനുമായി പങ്കുവച്ചതും.

‘പകല്‍ മുഴുവന്‍ നിങ്ങള്‍ക്കായി ജോലി ചെയ്യുകയായിരുന്നു, ദയവായി വീട്ടില്‍ പോകാന്‍ അനുവദിക്കണം’ എന്നായിരുന്നു ഗുജറാത്തി ഭാഷയിലുള്ള മഹേഷിന്റ അപേക്ഷ. അപേക്ഷയുടെ പിന്നാലെ ഒരു പ്രത്യേക ശബ്ദം കൂടി വച്ചതോടെ സിംഹം വഴിയില്‍ നിന്നെഴുന്നേറ്റ് കാട്ടിലേക്ക് മറഞ്ഞു. 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഡോ. അന്‍ഷുമാന്‍ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.