Connect with us

More

റോഡില്‍ പൊലിയുന്ന ജീവനുകള്‍

Published

on

പാലക്കാട് പനയമ്പാടത്ത് നാലു വിദ്യാര്‍ത്ഥികളുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഇന്നലെ ദമ്പതികളും അവരുടെ പിതാക്കളും അപകടത്തില്‍പെട്ട് മരണമടഞ്ഞത്. മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ലോറിക്കടിയില്‍പെട്ടാണ് കൂട്ടുകാരികളും സഹപാഠികളുമായ ഇര്‍ഫാന ഷെറിന്‍, റിദഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നീ വിദ്യാര്‍ത്ഥികളാണ് തീരാ നോവായി മാറിയതെങ്കില്‍ കഴിഞ്ഞ ദിവസം പുനലൂര്‍ മുവാറ്റുപുഴ സംസ്ഥാന പാതയിലുണ്ടായ അപകടത്തില്‍ മ രണപ്പെട്ടത് ദമ്പതികളായ നിഖില്‍, അനു ഇവരുടെ പിതാക്കളായ മത്തായി ഈപ്പന്‍, ബിജു ജോര്‍ജ് എന്നിവരാണ്. 15 ദിവസംമുമ്പ് മാത്രം വിവാഹിതരായ നിഖില്‍, അനു ദമ്പതികള്‍ മലേഷ്യയില്‍ മധുവിധു ആഘോഷിച്ചു മടങ്ങിവരികയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കാനെത്തിയാതിയിരുന്നു മത്തായി ഈപ്പനും ബിജു ജോര്‍ജും, വീട്ടിലേക്കുള്ള മടക്ക യാത്രയാണ് നാലുപേരുടെയും അന്ത്യയാത്രയായി മാറിയത്. ഈ അപകടങ്ങള്‍ക്ക് വെറും ഒരാഴ്ച്ച മുമ്പുമാത്രമാണ് ആലപ്പുഴ ജില്ലയില്‍ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് വിദ്യാര്‍ത്ഥികള്‍ തല്‍ക്ഷണവും പിന്നിട് ഒരു വിദ്യാര്‍ത്ഥി ചികിത്സക്കിടെയും മരിച്ചത്. ഈ മൂന്ന് അപകടങ്ങള്‍ക്കിടയില്‍ തന്നെ നിരവധി അപകടങ്ങള്‍ വേറെയും കേരളത്തിലുണ്ടായി. പലതിലും തലനാരിഴക്ക് മാത്രമാണ് ആളുകള്‍ ജീവഹാനിയില്‍ നിന്ന് രക്ഷപ്പെടുന്നത്. ഒരു അറുതുയുമില്ലാതെ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അപകട പരമ്പര ഒരു മഹാമാരിപോലെ മലയാളികളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഡ്രൈവിങ്ങിലെ അശ്രദ്ധ, റോഡു നിര്‍മാണത്തിലെ അശാസ്ത്രീയത, നിയമം നടപ്പിലാക്കുന്നതിലെ ഉദാസീനത തുടങ്ങിയ നിരവധി കാരണങ്ങള്‍ അപകടത്തിനു നിദാനമായി ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ഭയാനകമായ ഈ സാഹചര്യത്തിന് നേരിയരീതിയിലെങ്കിലും അറുതിവരുത്താന്‍ നമുക്ക് കഴിയുന്നില്ല എന്നത് ഗൗരവതരമായ കാര്യമാണ്. ജീവന്‍പോലിഞ്ഞതിനുശേഷം കണ്ണീര്‍ പൊഴിക്കുന്നതിനും ആശ്വാസവാക്കുകള്‍ ഉരുവിടുന്നതിനുമൊന്നും ഒരു പഞ്ഞവുമില്ലെങ്കിലും പൊലിഞ്ഞുപോവുന്ന ജീവനുകള്‍ക്ക് ഇവയൊന്നും പരിഹാരമല്ല.

ഒരു നാടിന്റെ മഹത്വം അത് ഒരു പൗരന്റെ ജീവനു കൊടുക്കുന്ന വിലയനുസരിച്ചാണെങ്കില്‍, നമ്മള്‍ അധികമൊന്നും അഭിമാനിക്കാന്‍ വകയില്ലാത്തവരായിത്തീര്‍ന്നിരിക്കുകയാണ്. ഒരു അപകടത്തെക്കുറിച്ചു ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ്, അടുത്തത് വരുന്നു. ഭീകര പ്രവര്‍ത്തകരും, നക്‌സലുകളും ഒന്നുമല്ല, നമ്മുടെ ഏറ്റവും വലിയ കൊലക്കളങ്ങള്‍ സൃഷ്ടിക്കുന്നത് നമ്മുടെ റോഡുകളാണ്. തിരിച്ചുവരുമെന്ന് ഉറപ്പില്ലാതെ ഉറ്റവരെ എല്ലാ ദിവസവും നമ്മള്‍ യാത്രയാക്കുന്നു. റോഡപകടത്തിനു നമുക്ക് അറിയാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു പരിഹാരം, അത് കഴിഞ്ഞു നഷ്ട പരിഹാരം കൊടുക്കുക എന്നതാണ്. പക്ഷെ എത്ര വലിയ തുകയും, ഒരു ജീവന് പകരമാവില്ലല്ലോ. ഒരുപക്ഷെ, അപകടത്തില്‍ മരിച്ചവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ആദരാഞ്ജലി ഇങ്ങനെയുള്ള ഒരു അപകടം എങ്കിലും ഒഴിവാക്കാന്‍ സാധിക്കുക എന്നതായിരിക്കും. വളരെയേറെ ഏജന്‍സികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട ഒരു മേഖലയാണ് റോഡ് സുരക്ഷിതത്വം. ഇതില്‍ ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി വലിയ ഒരു ദുരന്തം ക്ഷണിച്ചു വരുത്താന്‍. ഏറ്റവും പ്രധാനമായി നമ്മള്‍ മനസിലാക്കേണ്ട ഒരു സംഗതി ഡ്രൈവിംഗ് എന്നത് വളരെ ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ് എന്നതാണ്. ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നതില്‍ ഉള്ള തിരിമറികള്‍ നിസാരമല്ല. അതോടൊപ്പം തന്നെ, ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന വീഴ്ചകളില്‍ മദ്യം ഒരു പ്രധാന വില്ലനാണ്. അതിശക്തമായ ബോധവല്‍ക്കരണവും, കര്‍ശനമായ പോലീസ് ചെക്കിങ്ങും ഇവിടെ അത്യാവശ്യമാണ്.

റോഡുകളുടെയും വാഹനങ്ങളുടെയും, സുരക്ഷാഘടകങ്ങള്‍ ആണ് വേറൊരു പ്രധാനപ്പെട്ട ഘടകം. റോഡ് നിര്‍മ്മാണത്തില്‍, സുരക്ഷാവിദഗ്ധരുടെ അഭിപ്രായങ്ങള്‍ നിര്‍ബന്ധമായും പരിഗണിക്കേണ്ടതുണ്ട്. വാഹനങ്ങളുടെ നിര്‍മാണത്തില്‍ സുരക്ഷയ്ക്ക് കൊടുക്കേണ്ട പ്രാധാന്യം ആണ് മറ്റൊന്ന്. നമ്മുടെ ഹൈവേകളില്‍, മെച്ചപ്പെട്ട, വളരെ പെട്ടെന്ന് ലഭ്യമാകുന്ന ചികിത്സാസൗകര്യങ്ങള്‍ റോഡപകടങ്ങളില്‍ നിന്നുമുള്ള മരണങ്ങള്‍ കുറയ്ക്കുന്നതില്‍ വളരെ പ്രധാനമാണ്. പലപ്പോഴും, വളരെ പെട്ടെന്ന് ചികിത്സ കിട്ടിയാല്‍ പലരും രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. നിയമത്തിന്റെ നൂലാമാലകള്‍ നോക്കാതെ, ആശുപത്രികള്‍ ഇക്കാര്യത്തില്‍ സഹകരിക്കേണ്ടതുണ്ട്. റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് കാല്‍നടക്കാരും, സൈക്കിള്‍, ഇരുചക്ര വാഹനക്കാരും ആണ്. ഒരാള്‍ നന്നായി ഓടിച്ചതു കൊണ്ടു കാര്യമായില്ല. മറിച്ചു എല്ലാവരും നിയമങ്ങള്‍ പാലിച്ചു നന്നായി വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ആണ് അപകടം കുറയുക. ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയുടെ കാര്യത്തില്‍ ഒരു ഇളവുകള്‍ക്കും ഇനി പ്രസക്തിയില്ല. നിയമങ്ങള്‍ പാലിച്ചു കൊണ്ട് ഉത്തരവാദിത്വപൂര്‍വം ചെയ്യേണ്ട ഒന്നാണ് ഡ്രൈവിങ് എന്നത് എല്ലാവര്‍ക്കും മനസിലാകുമ്പോള്‍ മാത്രമേ നമ്മുടെ റോഡുകള്‍ സുരക്ഷിതമാവൂ. അതോടൊപ്പം തന്നെ റോഡുകള്‍ സുരക്ഷിതമാക്കുന്നതില്‍ എല്ലാ ഏജന്‍സികളും തങ്ങളുടെ പങ്കു ഉത്തരവാദിത്വപൂര്‍വം നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. റോഡപകടങ്ങളില്‍ മരിച്ചവരോട് നാം ആദരം കാണിക്കുന്നത് അങ്ങനെ ആയിരിക്കട്ടെ.

 

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

india

ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്

Published

on

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.

കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Education

എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന്‍ സെക്രട്ടറി വ്യക്തമാക്കി.

പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.

 

Continue Reading

Trending