കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ഥിക്ക് വന്‍ തോല്‍വി. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി. ആതിരയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒളിച്ചോടിയത്. 38 വോട്ടുകളാണ് ആതിരക്ക് ആകെ കിട്ടിയത്. ഇവിടെ 706 വോട്ടുകള്‍ നേടിയ സിപിഎമ്മിലെ രേഷ്മ സജീവന്‍ വിജയിച്ചു. കോണ്‍ഗ്രസിലെ കല്ലായി മഹിജ 212 വോട്ടുകള്‍ നേടി.

കാസര്‍കോട് ബേഡകത്തുള്ള കാമുകനൊപ്പമാണ് ഭര്‍തൃമതിയായ സി. ആതിര ഒളിച്ചോടിയത്. ഇവര്‍ പിന്നീട് വിവാഹിതരായി. യുവതിയുടെ ഭര്‍ത്താവ് മാലൂര്‍ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും പൊലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാകുകയായിരുന്നു. ഇവര്‍ക്ക് മൂന്നു വയസായ ഒരു മകനുണ്ട്.

പ്രചാരണ തിരക്കുകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പിന് ആവശ്യമായ ചില രേഖകള്‍ എടുക്കാനായി പേരാവൂരിലെ സ്വന്തം വീട്ടിലേക്ക് പോയ സ്ഥാനാര്‍ഥി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്? ഇവര്‍ കാമുകനൊപ്പം നാടുവിട്ടതായി മനസ്സിലായത്. ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും വീട്ടില്‍പോയി അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.