ലഖ്‌നോ: അറവുശാലകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലഖ്‌നോവിലെ ഇറച്ചി വ്യാപാരികള്‍ അനിശ്ചിതകാല സമരത്തില്‍. മട്ടന്‍, ചിക്കന്‍ വ്യാപാരികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്ച മുതല്‍ സമരം ശക്തിപ്പെടുത്തുമെന്ന് ലഖ്‌നോ ബക്ര ഗോഷ്ത് വ്യാപാര്‍ മണ്ഡല്‍ നേതാവ് മുബീന്‍ ഖുറേഷി പറഞ്ഞു. ഇന്നലെ തലസ്ഥാനത്തെ മിക്ക ഹോട്ടലുകളിലും ചിക്കന്‍, മട്ടന്‍, മുട്ട വിഭവങ്ങള്‍ ലഭിച്ചില്ല.
മത്സ്യത്തൊഴിലാളികളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഖുറേഷി വ്യക്തമാക്കി. ഇവരും സമരത്തിനൊപ്പം ചേരും. അതേസമയം, അനധികൃത അറവുശാലകള്‍ക്കെതിരെ മാത്രമാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് മസ്്ഹര്‍ അബ്ബാസ് വിശദീകരിച്ചു. മറ്റുള്ളവര്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിനു ശേഷമാണ് ‘അനധികൃത’ അറവുശാലകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. നൂറോളം പേര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടുണ്ട്.