ബാഗളൂരു: ആരോഗ്യാവസ്ഥ വഷളായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ശസ്ത്രക്രിയക്കായി കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രോഗനില ഗുരുതരമായതിനെ തുടര്‍ന്ന് മഅ്ദനിയെ ബാംഗളൂരു ഹെബ്ബാളിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മഅ്ദനി തന്നെ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ക്ഷീണവും തളര്‍ച്ചയും മൂത്രതടസ്സവും അനുഭവപ്പെട്ട അദ്ദേഹത്തിന് വിവിധ പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാര്‍ അടിയന്തിരമായി ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. രണ്ടു ഘട്ടമായി ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാരുടെ ഉപദേശം. അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് അനുമതിക്കായി കോടതിയെ സമീപിക്കുമെന്ന് മഅ്ദനി അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേസിന്റെ നടപടി ക്രമങ്ങള്‍ എന്‍ഐഎ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടക്കുന്നത്. മഅ്ദനിയുടെ ആരോഗ്യവിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ പിഡിപി നേതാക്കള്‍ കണ്ടിരുന്നു.