ന്യൂഡല്‍ഹി: പലപ്പോഴും വിവാദവിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ യാത്രയയപ്പിലും വിവാദം കത്തുന്നു. ജസ്റ്റിസ് മിശ്രയുടെ യാത്രയയ്പ്പ് സിറ്റിങ്ങില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദാവെ രംഗത്തെത്തി. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ സംസാരിക്കാന്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ദുഷ്യന്ത് ദാവെ ചീഫ് ജസ്റ്റിസ് ശരത് ബോബ്‌ഡെക്ക് കത്തയച്ചു. പ്രതിഷേധ സൂചകമായി പ്രസിഡണ്ട്പദം വഹിക്കുന്ന ഡിസംബര്‍വരെ കോടതി സംഘടിപ്പിക്കുന്ന ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മനസാക്ഷിക്കനുസരിച്ചാണ് കേസുകള്‍ കൈകാര്യം ചെയ്തതെന്നും തന്റെ വിധികള്‍ക്ക് പ്രത്യേക നിറം നല്‍കരുതെന്നും അരുണ്‍ മിശ്ര പറഞ്ഞു. ധീരതയുടെ സ്തംഭമാണ് ജസ്റ്റിസ് മിശ്രയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.

കോടതിമുറിയിലെ അവസാന സിറ്റിങ്ങിലും വിവാദങ്ങള്‍ ബാക്കിയാക്കിയാണ് ജസ്റ്റിസ് മിശ്ര പടിയിറങ്ങിയത്. പതിവ് കീഴ്വഴക്കം അനുസരിച്ച് അവസാനദിവസം ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്കൊപ്പം ഒന്നാംനമ്പര്‍ കോടതിയിലാണ് ജസ്റ്റിസ് മിശ്ര വാദംകേള്‍ക്കാനിരുന്നത്. തുടര്‍ന്ന് യാത്രയയ്പ്പ് ചടങ്ങ് വിര്‍ച്വലായി നടന്നു.

മനസ്സാക്ഷിക്കും ബോധ്യമങ്ങള്‍ക്കും അനുസരിച്ചാണ് താന്‍ എല്ലാ കേസുകളും കൈകാര്യം ചെയ്തത്. തന്റെ വിധികള്‍ വിലയിരുത്താം, പക്ഷെ പ്രത്യേക നിറങ്ങള്‍ നല്‍കരുത്. പലപ്പോഴും കടുത്ത പദപ്രയോഗങ്ങള്‍ കോടതിയില്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

വിവാദങ്ങളും വിധികളും കൊണ്ടു സമ്പന്നമായിരുന്നു അരുണ്‍മിശ്രയുടെ സുപ്രീംകോടതിയിലെ ന്യായാധിപ ജീവിതം. ജഡ്ജി ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിന് വിട്ടത് സിറ്റിങ് ജഡ്ജിമാരുടെ പരസ്യപ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ക്ക് കോടികള്‍ കോഴനല്‍കിയെന്ന് ആരോപണമുയര്‍ന്ന സഹാറബിര്‍ള ഡയറിയില്‍ അന്വേഷണം നിഷേധിച്ചതും ഗുജറാത്ത് സര്‍ക്കാരിന്റെ വേട്ടയാടലിന് വിധേയനായ സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജികള്‍ തള്ളിയതും നിയമവൃത്തങ്ങളില്‍ തന്നെ വിവമാദമായി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ സ്വന്തം വിധി പുന:പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചിന് നേതൃത്വം നല്‍കിയത് അഭിഭാഷകരുമായുള്ള ഏറ്റുമുട്ടലിനും കാരണമായി. ഏറ്റവും ഒടുവില്‍ പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചാണ് പടിയിറക്കം. മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടതും സഭാക്കേസില്‍ അന്തിമതീര്‍പ്പുണ്ടാക്കിയതും മലയാളികള്‍ക്കിടയില്‍ ജസ്റ്റിസ് മിശ്രയെ സുപരിചിതനാക്കി.