കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. ഇതില്‍ നഷ്ടം കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും തന്നെയാണെന്ന് ജോയ് മാത്യു പറഞ്ഞു. ‘അനാഥമാക്കപ്പെടുന്നതോ അവരുടെ കുടുംബവും കുഞ്ഞുങ്ങളും. ഒരു രാഷ്ട്രീയ സംഘടനയില്‍പ്പെട്ട രണ്ടു യുവാക്കള്‍ അരുംകൊല ചെയ്യപ്പെട്ടതു അതീവ ദുഖകരം തന്നെയാണ് ,പ്രതിഷേധാര്ഹവുമാണ്. കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,അതിനെ ആശയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് തലച്ചോറിന് പകരം തലക്കുള്ളില്‍ കളിമണ്ണുള്ളവര്‍ കൊലക്കത്തിയെടുക്കുക.’-ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പോസ്്റ്റിന്റെ പൂര്‍ണ്ണരൂപം:

ഊരിയ വാളുകള്‍ വലിച്ചെറിയാന്‍ നേരമായില്ലേ ?
————————
ക്രിമിനലുകള്‍ രാഷ്ട്രീയം കൈയ്യാളുമ്പോള്‍ കൊലപാതകങ്ങള്‍ അത്ഭുതങ്ങളല്ല.
ഒരു രാഷ്ട്രീയ സംഘടനയില്‍പ്പെട്ട രണ്ടു യുവാക്കള്‍ അരുംകൊല ചെയ്യപ്പെട്ടതു അതീവ ദുഖകരം തന്നെയാണ് ,പ്രതിഷേധാര്ഹവുമാണ്. കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,അതിനെ ആശയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് തലച്ചോറിന് പകരം തലക്കുള്ളില്‍ കളിമണ്ണുള്ളവര്‍ കൊലക്കത്തിയെടുക്കുക.
ഇതില്‍ നഷ്ടം കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും തന്നെ,
അനാഥമാക്കപ്പെടുന്നതോ അവരുടെ കുടുംബവും കുഞ്ഞുങ്ങളും !
വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട ഹക്കിന്റെ ഭാര്യയുടെ വയറ്റില്‍ കിടക്കുന്ന ,ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥനാക്കാന്‍ പോന്ന ക്രൗര്യത്തിന്റെ പേര് പൈശാചികം എന്നല്ലാതെ മറ്റെന്താണ് ?
ഓണസമ്മാനം കാത്തിരുന്ന മിഥിലാജിന്റെ രാജിന്റെ മക്കള്‍ക്ക് വെട്ടിനുറുക്കപ്പെട്ട പിതാവിന്റെ ജഡം സമ്മാനമായി നല്കാന്‍ തോന്നിയ കുടിലതയുടെ പേരും പൈശാചികം എന്ന് തന്നെ .
ഇതൊന്നും മനസ്സിലാക്കാത്തവരല്ല നൂറു ശതമാനം സാക്ഷരതയുണ്ടെന്ന് നടിക്കുന്ന നമ്മള്‍ ,മലയാളികള്‍ .
എന്നിട്ടുമെന്തേ നമ്മള്‍ നന്നാകാത്തത് എന്നതാണ് എനിക്ക് പിടികിട്ടാത്തത് .
രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുബോള്‍ സ്വാഭാവികമായും ശരിതെറ്റുകള്‍ ആലോചിക്കാതെ അണികള്‍
പ്രതികാരത്തിനിറങ്ങും ,എരിതീയില്‍ എണ്ണയൊഴിക്കാന്‍ ആളുമുണ്ടാവും ,തെരുവില്‍ പിന്നെയും ചോരയൊഴുകും.എന്തിന് വേണ്ടി ?
കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും യുവജന സംഘടനകള്‍ ശരിക്കും എന്താണ് ചെയ്യുന്നത് എന്നത് അവര്‍ തന്നെ ആലോചിക്കേണ്ട സമയമാണിത് .
എന്തെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി നേതാക്കന്മാര്‍ പറയുന്നത് അനുസരിക്കുക മാത്രമാണോ ഇവരുടെ ജോലി ?
സ്വന്തമായി ചിന്തിക്കാനുള്ള ബുദ്ധി ഇവര്‍ക്കെല്ലാം കൈമോശം വന്നുപോയോ ?
ലോകം മാറിക്കഴിഞ്ഞു .
അതിനനുസരിച്ചു തങ്ങളുടെ ജീവിതവും മാറ്റിയില്ലെങ്കില്‍
ഈ ഡിജിറ്റല്‍ ലോകത്തിലെ നോക്കുകുത്തികളായി സ്വയം പരിഹാസ്യരാകേണ്ടിവരുമെന്നത് ലജ്ജാകരം തന്നെ.
കോവിഡ് എന്ന മഹാമാരി മരണം മാത്രമല്ല വിതയ്ക്കുന്നത് ,ആരോഗ്യം -സാമ്പത്തികം-ഗതാഗതം-ശാസ്ത്രം എന്നിവയില്‍ മാത്രമല്ല -മതങ്ങള്‍ -ആചാരങ്ങള്‍ -ആഘോഷങ്ങള്‍-വിനോദങ്ങള്‍-
രാഷ്ട്രീയചിന്തകള്‍ -അങ്ങിനെ എല്ലാത്തിലും കോവിഡ് ദൈവം ഇടപെട്ടുകഴിഞ്ഞു എന്ന് ഇനിയെങ്കിലും തിരിച്ചറിയുക .
പഴയപോലെയുള്ള തെരഞ്ഞെടുപ്പുകള്‍ക്കോ ചുവരെഴുത്തുകള്‍ക്കോ കേട്ടുമടുത്ത മുദ്രാവാക്യങ്ങളാല്‍ ജനജീവിതം
സ്തംഭിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കോ ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട. കൊറോണക്കാലം കഴിയുമ്പോഴേക്കും
നമ്മളില്‍ എത്രപേര്‍ ബാക്കിയാവും എന്നുതന്നെ നിശ്ചയമില്ലാതിരിക്കെ കൊന്നും തിന്നും ഒടുങ്ങുവാനാണോ ഈ നാട്ടിലെ ചെറുപ്പക്കാരുടെ വിധി ?
നിത്യജീവിതത്തിലെ ഓരോ നിമിഷവും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു.
നാം ജീവിക്കുന്നത് തന്നെ ഒരു ഉശഴശമേഹ ഠശാല ലാണ് .
വാര്‍ത്തകള്‍ക്ക് പോലും സഞ്ചരിക്കാന്‍ പ്രത്യേക സമയം ഇല്ലാതായിരിക്കുന്നു,സന്ദേശങ്ങളോ അതിനേക്കാള്‍ വേഗത്തില്‍ .
അപ്പോഴാണ് നമ്മള്‍ കേരളക്കരയിലെ പ്രാചീന ഗോത്ര മനുഷ്യര്‍ ഉപയോഗിച്ചിരുന്ന വാളും കത്തിയുമായി
നരമേധ രാഷ്ട്രീയം കളിക്കുന്നത് ;യുവാക്കളെ കൊന്നു തള്ളുന്നത് .
ഈ പ്രാകൃത മനസ്സിന്റെ പിന്നിലെ ബുദ്ധികേന്ദ്രം ഏതു പാര്‍ട്ടിക്കാരനുമായിക്കൊള്ളട്ടെ,
അയാള്‍ പരമാവധി ശിക്ഷയര്ഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കേരളത്തിലെ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികളെ പിടികൂടാനും കൊലപാതകത്തിന് പിന്നിലെ
ബുദ്ധികേന്ദ്രം ആരെന്നും എന്തെന്നും തെളിയിക്കുവാനും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കുവാനും
സി ബി ഐ തന്നെ കേസ് അന്വേഷിക്കണം എന്ന കാര്യത്തില്‍
ഒരു അരാഷ്ട്രീയ വാദിക്കുപോലും എതിരഭിപ്രായമുണ്ടാവില്ല എന്ന് തോന്നുന്നു .
കൊല്ലപ്പെട്ടവര്‍ ഏതു പാര്‍ട്ടിക്കാരനാണെങ്കിലും ചോരയുടെ നിറം ചുവപ്പുതന്നെ.
അത് തിരിച്ചറിയാത്തകാലത്തോളം യുവാക്കള്‍ ചാവേറുകളായി തുടരും എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭീതിജനകമാണ് :ദുഃഖകരവുമാണ്