റിയാദ്: ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം മദീനയില്‍ അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. തൃശൂര്‍ കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദിന്റെ മക്കളായ ഫാത്തിമ(16), ആയിഷ(14) എന്നിവരാണ് മരിച്ചത്. ഹമീദും ഭാര്യയും മകനും രക്ഷപ്പെട്ടു.

ദമ്മാമില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോയതായിരുന്നു ഇവര്‍. മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. സഞ്ചരിച്ച വാഹനം പോസ്റ്റിലിടിച്ചായിരുന്നു അപകടമുണ്ടായത്.

ദമ്മാമില്‍ പഠിച്ചുകൊണ്ടിരുന്ന ഇവര്‍ തുടര്‍പഠനത്തിന് നാട്ടിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ദമ്മാമിലെത്തിയത്. ശാഹുല്‍ ഹമീദിനും ഭാര്യ സല്‍മ, മകന്‍ ഹാറൂണ്‍ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. മദീനക്കടുത്ത് മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ കിങ് ഫഹദ് ആസ്പത്രിയിലേക്ക് മാറ്റി. മൃതദേഹം മദീനയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദമ്മാമില്‍ നിന്ന് ബന്ധുക്കള്‍ മദീനയിലെത്തിയിട്ടുണ്ട്.