ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും അനുയായികള്‍ക്കുമെതിരെ മധ്യപ്രദേശിലെ ബിജെപിയില്‍ പടയൊരുക്കം. സിന്ധ്യയും കൂട്ടരും വന്നതോടെ തങ്ങളുടെ നില പരുങ്ങലിലാവുമെന്ന ഭീതിയാണ് സിന്ധ്യക്കെതിരെ തിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ‘കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിലാണിപ്പോള്‍ ഞങ്ങള്‍’ എന്നാണ് ഇവരുടെ പരിഭവം. സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറില്‍നിന്നുള്ള നേതാക്കളാണ് ഈ പടയൊരുക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.

മധ്യപ്രദേശില്‍ 24 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജ്യോതിരാദിത്യക്കെതിരെ ബിജെപയില്‍ പടയൊരുക്കം. സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയ 22 എം.എല്‍.എമാരും മത്സരിക്കാനൊരുങ്ങൂകയാണ്. തെരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി മാറിയെത്തിയ സിന്ധ്യക്ക് കരുത്ത് തെളിയിക്കാനും ബി.ജെ.പിയില്‍ മേല്‍ക്കൈ നേടാനും ഉപതെരഞ്ഞെടുപ്പിലെ ജയം അനിവാര്യമാണ്. എന്തെങ്കിലും തിരിച്ചടിയുണ്ടായാല്‍ സംഘ് പരിവാര്‍ പാളയത്തിലെ സിന്ധ്യയുടെ സ്വീകാര്യതക്കും സാധ്യതകള്‍ക്കും അതു വലിയ പ്രതിബന്ധമാകും.

ഇതു മനസ്സിലാക്കി, ഇന്ദോറിലും ഗ്വാളിയോറിലുമൊക്കെ കഴിഞ്ഞ മാസംതന്നെ സിന്ധ്യ സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇന്ദോറിലെ ബി.ജെ.പി നേതാക്കളെ സന്ദര്‍ശിച്ച് അവരുടെ പിന്തുണയാര്‍ജിക്കാനുള്ള ശ്രമങ്ങളില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞെങ്കിലും ഗ്വാളിയോറില്‍ സ്ഥിതി മറിച്ചാണ്. ഇത്രയും കാലം സിന്ധ്യയെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തുവന്ന ഗ്വാളിയോറിലെ ബി.ജെ.പി നേതാക്കള്‍ക്ക് ഇതുവരെ അദ്ദേഹത്തിന്റെ പാര്‍ട്ടിപ്രവേശം ദഹിച്ചിട്ടില്ല.

ജന്മദേശമായ ഗ്വാളിയോറില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമാറിനൊപ്പമാണ് ജ്യോതിരാദിത്യ കഴിഞ്ഞ ആഴ്ച സന്ദര്‍ശനത്തിനെത്തിയത്. എന്നാല്‍, സിന്ധ്യ ഗ്വാളിയോറില്‍ സന്ദര്‍ശനത്തിനെത്തിയ ദിവസം മേഖലയിലെ പ്രധാന ബിജെപി നേതാവ് ജയ്ഭന്‍ സിങ് പവയ്യയുടെ മുനവെച്ച ഒരു ട്വീറ്റുണ്ടായിരുന്നു. ‘പാമ്പുകള്‍ക്ക് രണ്ടു നാവുള്ളപ്പോള്‍ മനുഷ്യന് ഒരു നാവേയുള്ളൂ. ഭാഗ്യവശാല്‍ നമ്മളെല്ലാം മനുഷ്യരാണ്. രാഷ്ട്രീയത്തില്‍, കാലത്തിനനുസരിച്ച് നമ്മള്‍ക്ക് സുഹൃത്തുക്കളെയും ശത്രുക്കളെയുമൊക്കെ മാറ്റിക്കൊണ്ടിരിക്കാം. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഇക്കാലത്തും അടിസ്ഥാന തത്വങ്ങളാണ് കൂടുതല്‍ പ്രധാനം.’ -ഇതായിരുന്നു പവയ്യയുടെ ട്വീറ്റ്. സിന്ധ്യയുടെ വിശ്വസ്തനായ പ്രധ്യുമാന്‍ സിങ് തൊമാറിനുവേണ്ടി പവയ്യ പ്രചാരണത്തിനിറങ്ങേണ്ടതായിരുന്നു. ഇതുവരെ അദ്ദേഹം തൊമാറിനുവേണ്ടി രംഗത്തിറങ്ങിയിട്ടില്ല. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന തൊമാര്‍ പരാജയപ്പെടുത്തിയത് പവയ്യയെ ആയിരുന്നു. കൂറുമാറിയ തൊമാര്‍, ഇപ്പോള്‍ മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാറില്‍ ഊര്‍ജമന്ത്രിയാണ്.