പട്‌ന: സ്വാച്ഛ് ഭാരത് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിഹാറിലെ ഔറംഗബാദ് ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാള്‍ തനൂജ്. ശുചിത്വ ബോധവല്‍ക്കരണ പരിപാടിക്കിടെ, കക്കൂസുണ്ടാക്കാന്‍ പണമില്ലെങ്കില്‍ ഭാര്യയെ വിറ്റുകൂടെ എന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്ററുടെ ചോദ്യം. ‘ നിങ്ങള്‍ക്കാവുന്നതു പോലെ സ്ത്രീകളുടെ അന്തസ്സ് സൂക്ഷിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ എത്ര ദരിദ്രരാണ്? 12000 രൂപയില്‍ താഴെയാണ് നിങ്ങളുടെ ഭാര്യയുടെ മൂല്യം എന്ന് കരുതുന്നവര്‍ നിങ്ങളുടെ കൈ പൊക്കുക. ആദ്യം എന്നെ ശ്രദ്ധിക്കൂ. കൈ പൊക്കേണ്ട. ഏതൊരാള്‍ക്കാണ് 12000 രൂപ വാങ്ങി തന്റെ ഭാര്യയുടെ അന്തസ്സ് ഇല്ലാതാക്കാന്‍ കഴിയുക. ഇവിടെ ആരെങ്കിലും അങ്ങനെയുണ്ടോ?’ ജില്ലാ കലക്ടര്‍ കൂടിയായ മജിസ്‌ട്രേറ്റ് ചോദിച്ചു.
ഈ വേളയില്‍ ഒരു ഗ്രാമീണന്‍, സര്‍ ഒരു കക്കൂസ് ഉണ്ടാക്കാന്‍ മാത്രം പണം തന്റെ പക്കലില്ല എന്ന് പരാതിപ്പെട്ടു. ഈ വേളില്‍ ‘ഞാന്‍ നിങ്ങളോട് സംസാരിക്കാം. ഇതാണ് നിങ്ങളുടെ മാനസികാവസ്ഥയെങ്കില്‍ നിങ്ങളുടെ ഭാര്യയെ വില്‍ക്കൂ. മിക്കവരും പറയുന്നത് നേരത്തെ പണം വേണമെന്നാണ്. പണം കിട്ടുമ്പോള്‍ ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്കായി അതു ചെലവഴിക്കും’ എന്നായിരുന്നു തനൂജിന്റെ മറുപടി. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.