ന്യൂഡല്‍ഹി: മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. മൂത്ത മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തിന് പങ്കെടുക്കാനായി മഅ്ദനി സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. വിവാഹ ആഘോഷവമായി ബന്ധപ്പെട്ട് ആഗസ്ത് ഏഴു മുതല്‍ 14വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി.

അതേസമയം മഅ്ദനിക്ക് ആവശ്യമായ സുരക്ഷയുടെ ചെലവ് അദ്ദേഹം തന്നെ വഹിക്കണമെന്നും കോടതി അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ പൊലീസ് സുരക്ഷക്കായി വരുന്ന 20 ലക്ഷത്തോളം രൂപയുടെ ചെലവ് മഅ്ദനി വഹിക്കണമെന്നാണ് കോടതി അറിയിച്ചത്. വിചാരണ കോടതി ഈ ഉത്തരവ് റദ്ദാക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ആഗസ്ത് എട്ടിനും 20നുമിടയില്‍ കൊല്ലം, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇടക്കാല ഇളവ് അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

നേരത്തെ, മാതാവിനെ കാണാന്‍ ജാമ്യമനുവദിച്ച ബംഗളൂരു സെഷന്‍സ് കോടതി മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ പ്രതിഷേധവും ഹര്‍ത്താല്‍ ആഹ്വാനവും വരെയുണ്ടായി.