രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, തങ്ങളുടെ ഇലക്ട്രിക് കാര്‍ ശ്രേണിയിലെ പുതിയ വാഹനമായ ഇ2ഓപ്ലസ് (e2oPlus) രംഗത്തിറക്കി. നാല് ഡോറും 150 ലിറ്റര്‍ കാബിന്‍ സ്‌പേസുമുള്ള ഇ2ഓപ്ലസ് നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ് ഇറക്കുന്നത്. ഇതില്‍ മൂന്നു വിഭാഗങ്ങള്‍ വിപണിയിലെത്തും. നിലവില്‍ ഇന്ത്യയില്‍ മാത്രം വിപണനം നടത്താനാണ് പദ്ധതി. വലിപ്പത്തിന്റെയും സൗകര്യത്തിന്റെയും കാര്യത്തില്‍ മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഐ 10 തുടങ്ങിയവയോട് കിടപിടിക്കുന്നതാണ് ഇ2ഓപ്ലസ്.

car

നാല് മോഡലുകള്‍

പി 4, പി 6, പി 8 എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് ഇ2ഓപ്ലസ് വില്‍പ്പനക്കെത്തുന്നത്. പി4-ന് 5.46 ലക്ഷവും പി6ന് 5.95 ലക്ഷവും പി8-ന് 8.46 ലക്ഷവുമാണ് വിലയിട്ടിരിക്കുന്നത്.

പി 8 ഒഴികെയുള്ളവക്ക് 14.1 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാവും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. 9.5 സെക്കന്റില്‍ 60 കി.മീ വേഗത കൈവരിക്കുമെന്നതും 85 കിലോമീറ്റര്‍ പരമാവധി വേഗതയുണ്ടെന്നതുമാണ് പി 8ന്റെ സവിശേഷത.

പരമാവധി വേഗത്തില്‍ 140 കി.മീ

ഒരിക്കല്‍ ഫുള്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി വേഗത്തില്‍ സഞ്ചരിക്കുകയാണെങ്കില്‍ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ സിറ്റി ഡ്രൈവിങില്‍ 100 കിലോമീറ്റര്‍ വരെ ലഭിക്കുമെന്നാണ് സൂചന. ബാറ്ററി 10 ശതമാനത്തില്‍ താഴെയെത്തിയാല്‍ 7 മുതല്‍ 10 കിലോമീറ്റര്‍ വരെ അധികദൂരം ഓടാന്‍ കഴിയുന്ന ഓപ്ഷനുമുണ്ട്.

ഫാസ്റ്റ് ചാര്‍ജിങ് ആണ് പി 8ന്റെ മറ്റൊരു സവിശേഷത. ഒന്നര മണിക്കൂര്‍ കൊണ്ട് ഇതിന്റെ ബാറ്ററി പൂര്‍ണമായി ചാര്‍ജാവും. ഫാസ്റ്റ് ചാര്‍ജിങ് ഇല്ലാത്ത പി 4ഉം പി 6ഉം ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂര്‍ വേണം.

ജി.പി.എസ് നാവിഗേഷന്‍, ബാറ്ററി, സഞ്ചരിക്കാവുന്ന ദൂരം തുടങ്ങിയവയെപ്പറ്റി വിവരങ്ങള്‍ നല്‍കുന്ന ടച്ച് സ്‌ക്രീന്‍ മോണിറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ കാറിലുണ്ട്. കാറിലെ എ.സി പ്രവര്‍ത്തിപ്പിക്കാനും ലോക്ക്, അണ്‍ലോക്ക് ചെയ്യാനും മൊബൈല്‍ ആപ്പ് കൊണ്ട് സാധിക്കും.