kerala

അശ്ലീല പരാമര്‍ശം നടത്തുന്നു; എം.വി ജയരാജനെതിരെ രേഷ്മയുടെ പരാതി

By Chandrika Web

April 25, 2022

തലശ്ശേരി:പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിക്ക് ഒളിവില്‍ താമസിക്കാന്‍ വീട് നല്‍കിയ രേഷ്മ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അശ്ലീല പരാമര്‍ശം നടത്തി ജയരാജനും കാരായി രാജനും അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇ-മെയിലില്‍ പറയുന്നു.

തന്റെ കുടുംബം സിപിഎം അനുഭാവികളാണെന്നും തനിക്കെതിരെ ഉയരുന്നത് ആരോപണം മാത്രമാണെന്നും സിപിഎം അണികള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. വാടകയ്ക്ക് നല്‍കുന്ന വീട് സുഹൃത്ത് ആവശ്യപ്പെട്ട പ്രകാരമാണ് നിജില്‍ ദാസിന് നല്‍കിയതെന്നും കേസിലെ പ്രതിയാണെന്ന് അറിയില്ലെന്നും പരാതിയില്‍ പറയുന്നു.

സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ് ഭര്‍ത്താവും പിതാവും ഉള്‍പ്പെടെ എന്നിട്ടും സിപിഎം നേതാക്കളും പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയാണ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അശ്ലീല പരാമര്‍ശം നടത്തുകയാണെന്നും ഇതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി ഈ കുടുംബത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശത്തിനെതിരെ പൊലീസിലും രേഷ്മ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ രേഷ്മയുടെ ഭര്‍ത്താവ് സിപിഎം അനുഭാവിയാണെന്ന് തെളിയിക്കുന്നതിന് സിപിഎം പരിപാടിയില്‍ പങ്കെടുത്ത ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.