മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വിജ്ഞാപനം പുറത്തുവന്ന ഇന്നു മുതല്‍ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിക്കും. ഈ മാസം 23നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇന്നലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേര് പ്രഖ്യാപിച്ചത്. മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിക്കും ഉന്നതാധികാര സമിതിക്കും ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാലും കുഞ്ഞാലിക്കുട്ടി യുഡിഎഫില്‍ സജീവമായിരിക്കുമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ യോഗത്തിനു ശേഷം ശനിയാഴ്ച ഇടതു സ്ഥാനാര്‍ത്ഥിയെ കോടിയേരി ബാലകൃഷ്ണന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെയും രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് വിവരം.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 27ന് നടക്കും. മാര്‍ച്ച് 29നാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി. ഏപ്രില്‍ 27നാണ് വോട്ടെണ്ണല്‍.