തേഞ്ഞിപ്പലം: ദേശീയപാതയില്‍ മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിയുകയായിരുന്നു.

അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ വീടുകളില്‍ എല്‍പിജി അടുപ്പുകള്‍ കത്തികരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തിന് അര കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഐഒസിയുടെ സീനിയര്‍ ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു.  പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.