മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. പതിനാറ് പഞ്ചായത്തുകളില്‍ കൂടി ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തി. ചടങ്ങുകള്‍ ഉള്‍പ്പെടെ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.

നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല, ഒതുക്കങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 2,776 പേര്‍ക്ക് രോഗബാധ. 378 പേര്‍ക്ക് രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 2,675 പേര്‍ക്കും ഉറവിടമറിയാത്ത 60 പേര്‍ക്കുമാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 15,221 ആണ്. നിരീക്ഷണത്തിലുള്ളത് 30,484 പേരാണ്.