GULF

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

By webdesk14

August 29, 2024

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിനടുത്ത തുഖ്‍ ബയിൽ പ്രവാസികളായ മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കാഞ്ഞാവെളി സ്വദേശി മംഗലത്ത്​ വീട്ടിൽ അനൂപ്​ മോഹൻ (37) ഭാര്യ രമ്യമോൾ വസന്തകുമാരി (30)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വൈകുന്നേരം ഇവരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

ദമ്പതികളുടെ ഏകമകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപും ഇവരോടൊപ്പം ഉണ്ടായിരുന്നു. അകത്തുനിന്ന് കതക് ബന്ധിച്ച നിലയിൽ കുട്ടിയുടെ നിലവിളികേട്ട് അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്തുകടന്ന പൊലീസാണ് പ്രവാസലോകത്തെ നടുക്കിയ ദാരുണസംഭവം സ്ഥിരീകരിച്ചത്.

അനൂപ്​ മോഹൻ അടുക്കളയിലെ ഫാനിൽ കെട്ടിതൂങ്ങിനിൽക്കുന്ന നിലയിലും രമ്യ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹങ്ങൾ. കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചതായിരിക്കുമെന്നാണ് കുട്ടിയുടെ മൊഴിയിൽനിന്നുള്ള പ്രാഥമിക സൂചന.

പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെക്തമാവൂ. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലേക്ക്​ മാറ്റി. മാതാപിതാക്കളുടെ ആകസ്മിക മരണത്തിൽ പരിഭ്രാന്തയായ കുട്ടി ഇപ്പോൾ മറ്റൊരു മലയാളി കുടുംബത്തിൻറെ സംരക്ഷണയിലാണുള്ളത്. തുഖ്​ബ സനാഇയ്യയിൽ വർഷങ്ങളായി പെയിൻറിങ്​ വർക്​ ഷോപ്​ നടത്തുകയായിരുന്നു അനൂപ്​ മോഹൻ.