india

ഡല്‍ഹിയില്‍ മര്‍ദനമേറ്റ മലയാളി വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

By webdesk17

September 27, 2025

ഡല്‍ഹിയില്‍ മര്‍ദനമേറ്റ മലയാളി വിദ്യാര്‍ഥികള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. സാക്കിര്‍ ഹുസൈന്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ അശ്വന്ത്, സുധീന്‍ എന്നിവരാണ് പരാതി നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

സെപ്റ്റംബര്‍ 24ന് ചെങ്കോട്ടയുടെ പരിസരത്തു വെച്ചാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനമേറ്റത്. ആദ്യം ഒരു സംഘം മോഷണക്കുറ്റം ആരോപിച്ച് ആക്രോശിക്കുകയും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സഹായം തേടിയ പൊലീസുകാരനും വിദ്യാര്‍ഥികളെ മര്‍ദിച്ചു.

ബൂട്ടിട്ട് മുഖത്ത് ചവിട്ടുകയും വിവസ്ത്രരാക്കി സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുണ്ട് ഉടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇതിനു പിന്നാലെ ഡിസിപിക്ക് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു.

വിഷയത്തില്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് കൂടി പരാതി നല്‍കും.