കൊല്‍ക്കത്ത: സെക്രട്ടേറിയറ്റിനു മുന്നില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിലും ടോള്‍ ബൂത്തുകളില്‍ സൈന്യം വാഹന പരിശോധന നടത്തിയതിലും പ്രതിഷേധം കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാത്രിയില്‍ ഓഫീസില്‍ തങ്ങിയാണ് മമത പ്രതിഷേധം ശക്തമാക്കിയത്. രാത്രി രണ്ടുമണിയോടെ മമത പത്രസമ്മേളനം നടത്തി രാത്രി ഓഫീസില്‍ തങ്ങുകയാണെന്ന് അറിയിച്ചു.

ഇത് പട്ടാള അട്ടിമറിയുടെ ഭാഗമാണോയെന്ന് മമത ചോദിച്ചു. സംസ്ഥാനത്ത് ഒരു മോക്ഡ്രില്‍ നടത്തണമെങ്കില്‍ പോലും സംസ്ഥാനത്തിന്റെ അനുവാദം വേണമെന്നിരിക്കെ സൈന്യത്തെ വിന്യസിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി. ‘ഞാന്‍ ജനങ്ങളെ പരിപാലിക്കേണ്ട ആളാണ്. ഞാന്‍ ഇവിടെ ഈ ഓഫീസില്‍ തങ്ങുകയാണ്. മറ്റു കൂടുല്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി’ മമത പറഞ്ഞു. സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും അവര്‍ മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് താന്‍ ഓഫീസില്‍ തന്നെ തുടരുന്നതെന്നും മമത വ്യക്തമാക്കി.

തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ ടോള്‍ ബൂത്തില്‍ നിന്ന് സൈനികരെ പിന്‍വലിച്ചു. അതേസമയം, നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ചതിനുള്ള പ്രതികാരമാണിതെന്ന് മമത പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബിജെപി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.