കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി. വിജയികള്‍ക്ക് അഭിനന്ദങ്ങള്‍ നേരുന്നുവെന്ന് മമത പറഞ്ഞു.

‘എല്ലാ പരാജിതരും പരാജിതരല്ല, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍’മമത ബാനര്‍ജി പറഞ്ഞു. ഫലം പൂര്‍ണ്ണമായും പുറത്തുവരികയും വിവിപാറ്റുമായി ഒത്തുപോകുകയും ചെയ്താല്‍ തെരഞ്ഞെടുപ്പ് ഫലം ഞങ്ങള്‍ ജനങ്ങളുമായി വിലയിരുത്തുമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ബംഗാളില്‍ 23 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും 17 മണ്ഡലങ്ങളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, പശ്ചിമ ബംഗാളില്‍ സി.പി.എമ്മുകാര്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ടുചെയ്തു എന്ന ആരോപണം ശരിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഒരുകാലത്ത് ശക്തികേന്ദ്രമായിരുന്ന ബംഗാളില്‍ ഒരിടത്തുപോലും ലീഡ് ചെയ്യാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ലെന്നു മാത്രമല്ല, വോട്ടുവിഹിതത്തില്‍ ഭീമമായ ഇടിവ് സംഭവിക്കുകയും ചെയ്തു. ബി.ജെ.പിയുടെ വോട്ടുവിഹിതത്തിലുണ്ടായ വന്‍ വര്‍ധനവ് സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ വന്നുചേര്‍ന്നതു കൊണ്ടാണെന്നാണ് മനസ്സിലാവുന്നത്.