ഹൈദരാബാദ്: ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ക്ഷണത്തിന് സമ്മതം മൂളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ തലത്തില്‍ ഗുണപരമായ മാറ്റത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മമതാ ചന്ദ്രശേഖര റാവുവിനെ ടെലിഫോണില്‍ അറിയിച്ചു. മജ്‌ലിസെ ഇതിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയും മുന്നണിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലേക്ക് പുതിയ ചുവടുവെപ്പ് നടത്താനുള്ള തീരുമാനം ശനിയാഴ്ചയാണ് തെലുങ്കാന മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ബിജെപിയില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ രാജ്യത്തിന് പുതുതായൊന്നും പ്രതീക്ഷിക്കാനില്ല. ജനങ്ങള്‍ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ്. പുതിയ മുന്നണിക്കായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക വിളകളുടെ താങ്ങുവില 500 രൂപയാക്കാന്‍ താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. കര്‍ഷകര്‍ക്കായി ഏങ്ങനെ പുരോഗമനപരമായ പദ്ധതികള്‍ കൊണ്ടുവരാമെന്ന കാര്യത്തില്‍ തെലുങ്കാന രാജ്യത്തിന് മാതൃകയാണ്. അതേസമയം മോദിയെ സുഹൃത്തെന്ന് വിശേഷിപ്പിച്ച റാവു മോദിയുമായി വികസന കാഴ്ചപ്പാടില്‍ മാത്രമാണ് വിയോജിപ്പുള്ളതെന്നും വ്യക്തമാക്കി.
Be the first to write a comment.