തന്റെ മൂന്നാം ചിത്രത്തില്‍ നായകനാകുന്നത് മെഗാ താരം മമ്മൂട്ടിയെന്ന് സംവിധായകന്‍ നാദിര്‍ഷ. കരിയറിലെ തന്നെ വ്യത്യസ്തമായൊരു വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. നാലടി ഉയരമുള്ള ഒരാളായാവും മമ്മൂട്ടി അഭിനയിക്കുക. ബെന്നി പി നായരമ്പലമാണ്കഥയൊരുക്കുന്നത്. നര്‍മ്മ പശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തിന്റെ പേര്, മറ്റു അഭിനേതാക്കള്‍ എന്നിവയൊന്നും തീരുമാനമായിട്ടില്ല.

സിജിഐയുടെ സഹായം ഏറെ ആവശ്യമുള്ള ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു. ശാരീരികമായ പ്രത്യേകതകളുള്ള കഥാപാത്രങ്ങളെ മുന്‍പും ബെന്നി സൃഷ്ടിച്ചിട്ടുണ്ട്. ചാന്തുപൊട്ടും കുഞ്ഞിക്കൂനനുമൊക്കെ. ഇത്തരം ചിത്രങ്ങളുടെയൊക്കെ രീതിയിലാവും മമ്മൂട്ടി ചിത്രമെന്നും നര്‍മ്മത്തിന് വളരെയധികം പ്രാധാന്യമുണ്ടാവുമെന്നും ബെന്നി പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് നാദിര്‍ഷ പുതിയ സിനിമയൊരുക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. ദിലീപാണ് രണ്ടാമത്തെ ചിത്രം നിര്‍മ്മിച്ചിരുന്നത്. രണ്ടും കോമഡി ട്രാക്കിലായിരുന്നു കഥ പറഞ്ഞിരുന്നത്.